‘കോൺഗ്രസ് അധഃപതനത്തിന് കാരണം സതീശൻ; ബിജെപിക്കെതിരെ ഒന്നും ചെയ്യാൻ ആഗ്രഹിച്ചില്ല; 2026ൽ പച്ച തൊടാൻ പറ്റില്ല’; പി സരിൻ
പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ഡോ. പി സരിൻ. കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം വിഡി സതീശനാണെന്ന് പി സരിൻ വിമർശിച്ചു. പാർട്ടിയെ ദുർബലപ്പെടുത്തിയത് വിഡി സതീശനാണ്. ആദ്യമായി സതീശൻ നന്നായി സംസാരിച്ചത് ഇന്നലെയാണെന്ന് വാർത്താസമ്മേളനത്തിൽ പി സരിൻ പരിഹസിച്ചു.
സതീശന് കോൺഗ്രസുകാരോട് ബഹുമാനമില്ലെന്ന് സരിൻ ആരോപിച്ചു. ഞാനാണ് എല്ലാം എന്ന നിലപാടാണ് സതീശനെന്ന് സരിന്റെ വിമർശനം. ധിക്കാരവും ധാർഷ്ട്യവുമാണ് സതീശന്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ പോകുന്നത്. എന്നാൽ 2026ൽ പച്ച തൊടാൻ പറ്റില്ലെന്ന് പി സരിൻ പറയുന്നു. ഞാനാണ് രാജ്യം എന്നപോലെ ഞാനാണ് പാർട്ടി എന്നാണ് സതീശന്റെ നിലപാടെന്ന് സരിൻ പറയുന്നു. 2021ൽ സതീശൻ പ്രതിപക്ഷ നേതാവായതിന്റെ പിന്നാമ്പുറം കഥകൾ മാധ്യമപ്രവർത്തകർ അന്വേഷിക്കണമെന്നും അതൊരു അട്ടിമറിയായിരുന്നുവെന്ന് സരിൻ ആരോപിച്ചു.
സിപിഐഎമ്മുമായി ചേർന്ന് ബിജെപിക്ക് എതിരെ ഒന്നും ചെയ്യാൻ സതീശൻ ആഗ്രഹിച്ചിരുന്നില്ലെന്ന് പി സരിൻ ആരോപിച്ചു. സതീശൻ ശ്രമിക്കുന്നത് സിപിഎം വിരുദ്ധമാത്രം. വടകരയിൽ ഷാഫിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത് ബിജെപിയെ സഹായിക്കാനാണെന്ന് സരിൻ ഗുരുതര ആരോപണം ഉന്നയിച്ചു. ബിജെപിയെ അല്ല സിപിഎമ്മിനെയാണ് എതിർക്കേണ്ടത് എന്നാണ് സതീശന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കാരണം സതീശന്റെ നിലപാടാണ്. ബിജെപിയെ സഹായിക്കാൻ വിളിച്ചുവരുത്തിയ ഉപതിരഞ്ഞെടുപ്പാണിതെന്ന് സരിൻ പറഞ്ഞു.
പതിമൂന്നിന് തിരഞ്ഞെടുപ്പ് നടന്നാൽ ചിലർക്ക് വോട്ട് കിട്ടും എന്നത് യാഥാർത്ഥ്യമാണ്. ഉത്സവമായതിനാൽ ഒരുപാട് ആളുകൾ വരും. പാലക്കാടിന്റെ ജനവിധി പല ചോദ്യങ്ങൾക്കുള്ള ഉത്തരം ആയിരിക്കുമെന്ന് പി സരിൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് മൂന്ന് അംഗ സംഘമാണ്. സതീശൻ, ഷാഫി, രാഹുൽ എന്നിവരാണ് സംഘം. രാഹുൽ മാങ്കൂട്ടത്തിൽ ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തി. വളർന്നുവരുന്ന കുട്ടി സതീശനാണ് രാഹുൽ മാകൂട്ടത്തിലെന്ന് പി സരിൻ പറഞ്ഞു. ലീഡറെയും കല്യാണിക്കുട്ടി അമ്മയെയും രാഹുൽ അപമാനിച്ചതിന്റെ മറുപടി തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് സരിൻ പറയുന്നു.
ഉമ്മൻ ചാണ്ടിയുടെ കല്ല തെരഞ്ഞെടുപ്പ് വരുമ്പോൾ ക്യാമറയുടെ മുന്നിലല്ല പോയി കാണേണ്ടത്. പ്രാർത്ഥിക്കേണ്ടത് ആരെയും അറിയിച്ചല്ലെന്ന് സരിൻ കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടിയുടെ പേര് ഉച്ചരിക്കാൻ രാഹുലിന് അവകാശമില്ല. നഗരസഭാ ഭരണം ബിജെപിക്ക് ഉറപ്പിക്കാൻ വോട്ടിനായി ഷാഫി രാഹുലുമായി ഡീൽ ഉണ്ടാക്കിയെന്ന് സരിൻ ആരോപിച്ചു. ഷാഫി വടകരയിലേക്ക് പോയപ്പോൾ തന്നെ രാഹുൽ എംഎൽഎ ഓഫീസ് തുറന്നു. കോൺഗ്രസിൽ മണിയടി രാഷ്ട്രീയം പകർന്നു നൽകുന്നതിന്റെ വക്താവാണ് രാഹുലെന്ന് പി സരിൻ വിമർശിച്ചു. രാഹുലിന് പാലക്കാട്ടുകാരെ അറിയില്ല. പാലക്കാട്ടുകാർ ഷോ ഓഫ് കണ്ടു മടുത്തു. ഇനി ഹരിയാന മോഡൽ ആവർത്തിക്കാനുള്ളത് പാലക്കാട് മാത്രമാണെന്ന് സരിൻ പറഞ്ഞു.