110 കോടി മനുഷ്യർ മുഴുപ്പട്ടിണിയിൽ, , ഏറ്റവും കൂടുതൽ പേർ ഇന്ത്യയിലെന്ന് യുഎ; പാക്കിസ്ഥാൻ രണ്ടാമത്
ലോകത്ത് 110 കോടി മനുഷ്യർ മുഴുപ്പട്ടിണിയിലും അതിദാരിദ്ര്യത്തിലുമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. ഇന്ത്യയാണ് മുന്നിൽ. 23.4 കോടി പേരാണ് ഇന്ത്യയിൽ മുഴുപ്പട്ടിണിയിൽ കഴിയുന്നത്. പാക്കിസ്ഥാനിൽ 9.3 കോടി പേരും എത്യോപ്യയിൽ 8.6 കോടി പേരും നൈജീരിയയിൽ 7.4 കോടി പേരും കോംഗോയിൽ 6.6 കോടി പേരും അതിദാരിദ്ര്യത്തിലാണെന്നും യുഎൻ ഗ്ലോബൽ മൾട്ടിഡയമെൻഷണൽ പോവർട്ടി ഇൻ്റക്സ് വ്യക്തമാക്കുന്നു.
ആകെയുള്ള ദരിദ്ര ജനതയുടെ പാതിയും ഈ അഞ്ച് രാജ്യങ്ങളിൽ നിന്നാണ്. ഇതിൽ തന്നെ 58 കോടി പേരും 18 വയസിൽ താഴെ പ്രായമുള്ളവരാണ്. അതേസമയം റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന മറ്റൊരു പ്രധാന കാര്യം രണ്ടാം ലോകമഹായുദ്ധ കാലത്തേക്കാൾ കൂടുതലായി 117 ദശലക്ഷം ജനത്തിന് വാസസ്ഥലമില്ല.
കൊടും പട്ടിണിയിൽ കഴിയുന്ന 40 ശതമാനം ജനങ്ങളും സംഘർഷ ബാധിത മേഖലകളിൽ കഴിയുന്നവരാണ്. 21.8 കോടി പേർ സജീവ യുദ്ധ മേഖലയിലും 33.5 കോടി പേർ സംഘർഷ ബാധിത മേഖലയിലും 375 പേർ പ്രശ്ന ബാധിത മേഖലയിലുമാണ് കവിയുന്നത്.
ഗാസയിൽ മാത്രം 83 ശതമാനം ജനങ്ങളും അഭയാർത്ഥികളാക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. 2010 മുതൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ സർവേയിൽ ഇതുവരെ 112 രാജ്യങ്ങളിൽ നിന്നുള്ള 630 കോടി മനുഷ്യരുടെ സാഹചര്യങ്ങളാണ് വിലയിരുത്തിയത്. വാസസ്ഥലം, ശൗചാലയം, വൈദ്യുതി, പാചക വാതകം, പോഷകാഹാരം, വിദ്യാഭ്യാസ സൗകര്യങ്ങൾ അടക്കം വിലയിരുത്തിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.