‘സരിന്റെ പ്രശ്നം പരിഹരിക്കേണ്ടത് പാർട്ടി; നേരിൽ കാണാൻ ശ്രമിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ
ഡോ. പി സരിന്റെ പ്രശ്നം പരിഹരിക്കേണ്ടത് പാർട്ടിയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ പറഞ്ഞത് അദ്ദേഹത്തിന്റെ പ്രശ്നങ്ങളാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. വ്യക്തികൾക്ക് സ്ഥാനാർത്ഥി നിർണയത്തിൽ പ്രസക്തിയില്ല. പാർട്ടിയും മുന്നണിയുമാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
സരിൻ്റെ പൊളിറ്റിക്കൽ ഇൻ്റഗ്രിറ്റിയെ ചോദ്യം ചെയ്യുന്നില്ല. അദ്ദേഹം ഇപ്പോഴും കോൺഗ്രസുകാരനാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് ചെന്നാൽ അദ്ദേഹത്തെ നേരിട്ടു കാണാൻ ശ്രമിക്കുമെന്ന് രാഹുൽ പറഞ്ഞു. എല്ലാ കോൺഗ്രസ്സുകാരെയും കാണേണ്ടത് തെരഞ്ഞെടുപ്പിൽ ആവശ്യമാണ്. മണ്ഡലത്തിലുള്ള ആളല്ലാത്തതിനാൽ എത്രമാത്രം അത് നടക്കും എന്ന് അറിയില്ല. സരിൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നും എല്ലാ പിന്തുണയും അറിയിച്ചെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം കോൺഗ്രസിനോട് ഇടഞ്ഞ ഡോ. പി സരിന്റെ അപ്രതീക്ഷിത നീക്കത്തിലൂടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി പാലക്കാട് നിയമസഭാ മണ്ഡലം. പി സരിൻ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാകും. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തും മുമ്പേ എൽഡിഎഫിന്റെ പ്രഖ്യാപനം ഉണ്ടായേക്കും.