പശ്ചിമ ബംഗാളിൽ ഇടത് സഖ്യത്തിൽ കോൺഗ്രസിൻ്റെ പുനരാലോചന; പുതിയ പിസിസി അധ്യക്ഷൻ്റെ നിലപാട് നിർണായകം
പശ്ചിമ ബംഗാളിൽ ഇടത് സഖ്യത്തിൽ കോൺഗ്രസ് പുനരാലോചന നടത്തുന്നു. ഇടതുപക്ഷവുമായി സീറ്റ് ധാരണ തുടരണോയെന്ന കാര്യത്തിൽ പുതുതായി ചുമതലയേറ്റ പിസിസി അധ്യക്ഷൻ ഡിസിസി പ്രസിഡൻ്റുമാരുടെ അഭിപ്രായം തേടി. സിപിഎമ്മുമായി സഹകരിച്ച് മുന്നോട്ട് പോകണോയെന്ന കാര്യം ഡിസിസി പ്രസിഡൻ്റുമാരുടെ അഭിപ്രായം തേടിയ ശേഷമേ തീരുമാനമെടുക്കൂവെന്ന് ശുഭാങ്കർ സർക്കാർ വ്യക്തമാക്കി.
ഇതിന് പുറമെ പാർട്ടിയിലെ മുതിർന്ന നേതാക്കളോടും പിസിസി അധ്യക്ഷൻ നിലപാട് തേടിയിട്ടുണ്ട്. താഴേത്തട്ടിലെ അഭിപ്രായവും യാഥാർത്ഥ്യവം അറിഞ്ഞ ശേഷമേ ഇനി ഇക്കാര്യത്തിൽ മുന്നോട്ട് പോകൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്തെ ഉപതെരഞ്ഞെടു്പിൽ സഖ്യ ചർച്ചകൾക്കായി സി.പി.എമ്മും ഇതുവരെ കോൺഗ്രസ് നേതൃത്വത്തെ ബന്ധപ്പെട്ടിട്ടില്ല.
പാർട്ടി നയം ബിജെപി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തുകയാണെന്നും ബംഗാളിൽ തൃണമൂലിനും ബിജെപിക്കുമെതിരെ രാഷ്ട്രീയ ചേരിയെ ബലപ്പെടുത്തലാണെന്നും സിപിഎ കേന്ദ്ര കമ്മിറ്റിയംഗം സുജൻ ചക്രബർത്തി പറഞ്ഞു. ഇക്കാര്യത്തിൽ നയംമാറ്റമില്ല. സിപിഎമ്മുമായി സഖ്യം തുടരുന്നതിൽ പാർട്ടിയിലെ കീഴ്ഘടകങ്ങളോട് അഭിപ്രായം തേടുകയെന്നത് പുതിയ പിസിസി അധ്യക്ഷൻ്റെ ചുമതലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവംബർ 13 ന് സംസ്ഥാനത്ത് സിതൈ, മദരിഹത്, തൽദങ്ക്ര, നതിഹൈ, ഹരോവ, മേദിനിപുർ എന്നിവിടങ്ങളി ഉപതെരഞ്ഞെടുപ്പ് നടക്കും. ഇതിൽ അഞ്ചിടത്തും 2021 ൽ ജയിച്ചത് തൃണമൂലാണ്. ബിജെപി ഒരു സീറ്റിലും ജയിച്ചു. കോൺഗ്രസും സി.പി.എമ്മും സഖ്യമായി മത്സരിച്ചെങ്കിലും എല്ലായിടത്തും തോറ്റു. ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ ചേരിയിൽ സി.പി.എമ്മും കോൺഗ്രസും തൃണമൂൽ കോൺഗ്രസും അംഗങ്ങളാണെങ്കിലും ബംഗാളിൽ തൃണമൂൽ വിരുദ്ധ നിലപാടാണ് കോൺഗ്രസിനും സി.പി.എമ്മിനും ഇതുവരെ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ പിസിസി അധ്യക്ഷനായിരുന്ന അധിർ രഞ്ജൻ ചൗധരിയുടെ നിലപാട് ഇടത് – കോൺഗ്രസ് സഖ്യചേരിയുടെ മുന്നോട്ട് പോക്കിൽ നിർണായകമായിരുന്നു.