ചൊക്രമുടി കയ്യേറ്റത്തിൽ ആദ്യ നടപടി; മുൻ താലൂക്ക് സർവ്വയർക്ക് സസ്‌പെൻഷൻ
ഉടുമ്പൻചോല മുൻ താലൂക്ക് സർവെയർ ആയിരുന്ന ആർ ബി വിപിൻ രാജിന്റെ കാലഘട്ടത്തിലാണ് ചൊക്രമുടിയിലെ വിവാദ ഭൂമിയുടെ അതിർത്തി മാറ്റി കാണിച്ച് സ്കെച്ച് തയ്യാറാക്കിയത്. അനധികൃത ഇടപെടൽ ഉണ്ടായത് കയ്യേറ്റക്കാരനായ മൈജോ ജോസഫിന് വേണ്ടിയാണ്. ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് മുൻ താലൂക്ക് സർവ്വയർ വിപിൻ രാജിനെതിരായ സർവ്വേ വകുപ്പിന്റെ സസ്പെൻഷൻ നടപടി.
അതേസമയം, ദേവികുളം മുൻ തഹസിൽദാർ, ബൈസൺ വാലി മുൻ വില്ലേജ് ഓഫീസർ എന്നിവർക്കെതിരായ റവന്യൂ വകുപ്പിന്റെ നടപടി വൈകുകയാണ്. ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശം ഉണ്ടായിട്ടും ലാൻഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. കൂടാതെ ചൊക്രമുടിയിലെ കയ്യേറ്റക്കാരനായ മൈജോ ജോസഫ് മുൻപും ഭൂമി തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് വിവരം. കൊട്ടക്കാമ്പുരിൽ സ്വന്തമാക്കിയ 32 പട്ടയങ്ങൾ 2021 ൽ റവന്യൂ വകുപ്പ് റദ്ദ് ചെയ്തിരുന്നു.