സരിൻ പക്വത കാണിക്കണമായിരുന്നു, പാർട്ടിയെ അധിക്ഷേപിക്കുന്നത് നല്ലതല്ല; കെ സി വേണുഗോപാൽ
ഡോ പി സരിൻ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരാളെ മാത്രമേ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ കഴിയുകയുള്ളൂ കോൺഗ്രസിൽ നിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടുതൽ പക്വത വേണമായിരുന്നുവെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. സ്ഥാർത്ഥിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല എന്നാൽ പാർട്ടിയെ അധിക്ഷേപിക്കുന്നത് അത്ര നല്ലതല്ല. തിരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തോടെയാണ് നേരിടുന്നത്. മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് ഭൂരിപക്ഷത്തോടെ ജയിക്കും.
എഐസിസിയ്ക്ക് പ്രത്യേക കാഴ്ചപാടില്ല കേരളത്തിലെ കോൺഗ്രസിന്റെ കാഴ്ചപാട് തന്നെയാണ് ഉള്ളത്. തീരുമാനങ്ങൾ എടുത്തിരിക്കുന്നത് ഒരു വ്യക്തി മാത്രമല്ല മറിച്ച് എല്ലാ ആളുകളും കൂടി ആലോചിച്ചിട്ടാണ് തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്. പ്രശ്നങ്ങളെ വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ തവണ പാലക്കാട് ബിജെപിയെ നേരിട്ട് ജയിച്ചത് ആരാണ്? ഒരുകാലത്തും ഇല്ലാത്ത വിധം പ്രവർത്തനം താഴെ തട്ടിൽ നടക്കുന്നുണ്ട്. ഞങ്ങളുടെ പാർട്ടിയിൽ നടക്കുന്നത് കൊച്ച് കൊച്ച് പ്രശ്നങ്ങളാണ്. ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്, കെ സി വേണുഗോപാൽ വ്യക്തമാക്കി.
കേരളത്തിലെ ഒരു പാട് വിഷയങ്ങൾ ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത് അതിനെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണിതെല്ലാം കോൺഗ്രസിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും കെ സി വേണുഗോപാൽ സൂചിപ്പിച്ചു.