എഡിഎം നവീൻ ബാബുവിന്‍റെ മരണം; പിപി ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും
തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസെടുക്കും. ദിവ്യയെ കേസിൽ പ്രതിചേര്‍ക്കാനാണ് പൊലീസിന്‍റെ തീരുമാനം. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുന്നോട്ടുപോകാൻ പൊലീസ് തീരുമാനിച്ചത്. നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരിക്കും ദിവ്യയെ പ്രതി ചേര്‍ക്കുക. പത്തുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ദിവ്യക്കെതിരെ കേസെടുക്കുക.
അഴിമതി ആരോപണത്തെിന് പിന്നാലെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിലാണ് അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയും പൊലീസ് എടുക്കും.അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും. നവീന്‍റെ മരണത്തിൽ കുടുംബാംഗങ്ങള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. പരാതി നൽകിയിട്ടും ഇതുവരെ പൊലീസ് കേസെടുത്തില്ലെന്ന് കുടുംബം ഇന്നലെ ആരോപിച്ചിരുന്നു.
കേസെടുക്കാത്തത്തിൽ വിമര്‍ശനം ശക്തമാകുന്നതിനിടെയാണിപ്പോള്‍ ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്. അതേ സമയം, കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ, എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യക്കെതിരെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം വിപി ദുൽഖിഫിൽ പരാതി നൽകി. എഡിഎമ്മിന്റെ മരണത്തിൽ അന്വേഷണം നടത്തണമെന്നും പിപി ദിവ്യയെ നേരിട്ട് വിളിച്ചു വരുത്തണം എന്നും പരാതിയിൽ ആരോപിക്കുന്നു.