ഉപതെരഞ്ഞെടുപ്പ്; കളം പിടിക്കാൻ ഒരുങ്ങി UDF; സ്ഥാനാർത്ഥികളോട് മണ്ഡലത്തിൽ സജീവമാകാൻ നിർദേശം
ഉപതെരഞ്ഞെടുപ്പിൽ അതിവേഗം മണ്ഡലത്തിൽ കളം പിടിക്കാൻ ഒരുങ്ങി യു.ഡി.എഫ്. ആദ്യം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതിലൂടെ മൂന്നു മണ്ഡലങ്ങളിലും മുൻതൂക്കം നേടാനായി എന്നാണ് കെ.പി.സി.സിയുടെ വിലയിരുത്തൽ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ രമ്യ ഹരിദാസും എത്രയും വേഗം സജീവമാകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളും ചുവരെഴുത്തും ഇന്നുമുതൽ ആരംഭിക്കാൻ ഡിസിസികൾക്ക് നിർദേശം നൽകി. ബൂത്ത് തലം മുതൽ കൺവെൻഷൻ നടത്തി പ്രചരണം സജീവമാക്കാനും നിർദ്ദേശം നൽകി. ആദ്യഘട്ട പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും ഇന്ന് തന്നെ എത്തിക്കും. വയനാട്ടിൽ പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തും. അതിനുമുൻപ് പരമാവധി എല്ലാ മണ്ഡലങ്ങളിലും സജീവമാകാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടു മണ്ഡലങ്ങളിലും നാലു തവണ ബൂത്ത് യോഗങ്ങൾ പൂർത്തിയാക്കി എന്നതാണ് പാർട്ടിയുടെ ആത്മവിശ്വാസം.
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലും ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.