തിരു. മെഡിക്കൽ കോളേജിൽ തീപ്പൊള്ളലേറ്റ രോഗിക്ക് ചികിത്സ വൈകിയ സംഭവം;മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തീപ്പൊള്ളലേറ്റ് ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ച രോഗിയെ വരാന്തയിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ ട്രോളിയും ജീവനക്കാരും സമയത്തെത്തിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ചൊവ്വാഴ്ച രാത്രി 7 ന് പൂജപ്പുര മഹിളാമന്ദിരത്തിന് മുമ്പിലാണ് ഇയാൾ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിക്കാൻ ശ്രമിച്ചത്.
പൊള്ളലേറ്റ് അരമണിക്കൂറോളം ബൈജു ആശുപത്രി വരാന്തയിൽ ഇരിക്കുകയും വേദന സഹിക്കാൻ കഴിയാതെ നിലവിളിക്കുകയും ചെയ്‌തതോടെയാണ് അധികൃതർ എത്തിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പൂജപ്പുര റസ്ക്യൂ ഹോമിൽ താമസിച്ചിരിക്കുന്ന ഭാര്യയെ കാണാൻ കുട്ടികളുമായി എത്തിയപ്പോഴാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബൈജുവിന്റെ ഭാര്യ അഞ്ചുമാസമായി പൂജപ്പുര മഹിളാ മന്ദിരത്തിലാണ് കഴിയുന്നത്. മക്കളുമായി എത്തിയപ്പോൾ ഭാര്യയെ കാണാൻ സമ്മതിച്ചില്ല എന്ന് ആരോപിച്ചാണ് ഇയാൾ റോഡരികിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.