വേൾഡ് മലയാളി ഫെഡറേഷന്റെ ചീഫ് പാട്രണായി ശശി തരൂർ
166 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ ചീഫ് പാട്രൺ സ്ഥാനം ശശി തരൂർ എം പി ഏറ്റെടുത്തതായി സംഘടനാ ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
വേൾഡ് മലയാളി ഫെഡറേഷന്റെ വിയന്നയിലെ ഹെഡ് ക്വാർട്ടേഴ്സ് സന്ദർശനവേളയിൽ ഫൗണ്ടർ ചെയർമാൻ ഡോ പ്രിൻസ് പള്ളിക്കുന്നേലുമായും ഗ്ലോബൽ വൈസ് പ്രസിഡന്റ് സിറോഷ് ജോർജുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ശശി തരൂർ സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത്.
ഇന്ത്യക്കാരായ പ്രവാസികളോട് പുലർത്തുന്ന അർപ്പണ മനോഭാവമാണ് ഇത്തരമൊരു സ്ഥാനം ഏറ്റെടുക്കാൻ ശശി തരൂരിനോട് ആവശ്യപ്പെടാൻ വേൾഡ് മലയാളി ഫെഡറേഷനെ പ്രേരിപ്പിച്ചത് എന്ന് ഡോ പ്രിൻസ് പള്ളിക്കുന്നേൽ പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ പ്രവർത്തിച്ച് ആഗോള തലത്തിൽ പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങളെ പറ്റിയുള്ള നേരിട്ടുള്ള അറിവുള്ളതിനാൽ അദ്ദേഹത്തിന് സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കരുത്തു പകരാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.