വീണ്ടും കെ റെയില്‍ ഉന്നയിച്ച് കേരളം; മുഖ്യമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു
വീണ്ടും കെ റെയില്‍ ഉന്നയിച്ച് കേരളം. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. കെ റെയിലും ശബരി റെയിലും ഉന്നയിച്ചതായി മന്ത്രി വി.അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളം ഉന്നയിച്ച വിഷയങ്ങളില്‍ ഉദ്യോഗസ്ഥതല ചര്‍ച്ച നടത്താമെന്ന് റെയില്‍വേമന്ത്രി അറിയിച്ചതായും അബ്ദുറഹ്മാന്‍ പറഞ്ഞു.
മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് റെയില്‍വേ മന്ത്രിയുമായുമായും ചര്‍ച്ച നടത്തി. കേരളം മുന്നോട്ട് വച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ശബരി റെയിലും കെ റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച നടത്തിയത് – മന്ത്രി വ്യക്തമാക്കി.
കെ റെയിലുമായി ബന്ധപ്പെട്ട രേഖകള്‍ കേരളം സമര്‍പ്പിച്ചിട്ട് കാലങ്ങളായി. എന്നാല്‍ പദ്ധതിക്കുള്ള അനുമതി വേണമെന്ന ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല. അതേസമയം, ശക്തമായ എതിര്‍പ്പുമായി സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും രംഗത്തുണ്ട്. ഈ ഘട്ടത്തിലും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി മുഖ്യമന്ത്രിയും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി അബ്ദുറഹ്മാനും കൂടിക്കാഴ്ച നടത്തിയത്. റെയില്‍വേ ഭവനില്‍ അരമണിക്കൂറിലേറെ ഈ കൂടിക്കാഴ്ച നീണ്ട് നിന്നു.