രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം; വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ. പാർട്ടി അവഗണിച്ചെന്ന് സരിൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെ അവഗണിച്ചെന്ന് സരിന്റെ ആക്ഷേപം. ഇന്ന് രാവിലെ 11.30ന് സരിൻ മാധ്യമങ്ങളെ കാണും.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാലക്കാട് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ സരിൻ എന്നൊരു കോൺഗ്രസ് പ്രവർത്തകൻ ഈ നാട്ടിലുണ്ടെന്ന് ജനങ്ങളെ അറിയിക്കുമെന്ന് ഡോ. പി സരിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ, വിടി, ബൽറാം എന്നീ പേരുകളായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നേതൃത്വം പരിഗണിച്ചിരുന്നത്.
ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ സമ്മർദമാണ് പത്തനംതിട്ടയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാൻ തീരുമാനിച്ചത്. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമർശിച്ച് കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഡോ. പി സരിനോ വിടി ബൽറാമോ സ്ഥാനാർഥി ആകുന്നതിൽ വിയോജിപ്പില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാൽ എതിർപ്പെല്ലാം മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.