കോൺഗ്രസിന്റെ കുത്തക മണ്ഡലം, രാധാകൃഷ്ണനിലൂടെ ഇടതു കോട്ടയായി മാറിയ ചേലക്കര; കളമൊരുങ്ങുന്നത് കടുത്ത പോരാട്ടത്തിന്
ചേലക്കരയിൽ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇടതു കോട്ടയായ ചേലക്കരയിൽ യു ആർ പ്രദീപിലൂടെ മണ്ഡലം നിലനിർത്താമെന്നാണ് സിപിഐഎം കണക്കുകൂട്ടൽ. രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനാണ് കോൺഗ്രസ് നീക്കം. പ്രാദേശികമായി സ്വാധീനമുള്ള കെ ബാലകൃഷ്ണനിലൂടെ കടുത്ത മത്സരം സൃഷ്ടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കോൺഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു ചേലക്കര. 96ൽ വിദ്യാർത്ഥി സംഘടന രംഗത്തെ യുവ നേതാവ് കെ രാധാകൃഷ്ണനിലൂടെ ചേലക്കര ഇടത്തേക്ക് ചാഞ്ഞു. രാധാകൃഷ്ണൻ പിന്നീട് ചേലക്കരക്കാരുടെ രാധേട്ടനായപ്പോൾ മണ്ഡലം ഇടതു കോട്ടയായി. 2016 ൽ രാധാകൃഷ്ണന് പകരക്കാരനായി യു ആർ പ്രദീപ് കളത്തിലിറങ്ങി. പിന്നീട് രാധാകൃഷ്ണന് വേണ്ടി വഴിമാറി.
ചേലക്കര വീണ്ടും ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ രാധാകൃഷ്ണന് പകരക്കാരനായി യു ആർ പ്രദീപിനെ തന്നെ എത്തിക്കാനാണ് സിപിഐഎമ്മിന്റെ നീക്കം. എന്നാൽ രമ്യാ ഹരിദാസിലൂടെ മണ്ഡലം തിരികെ പിടിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് കോൺഗ്രസ്. ആലത്തൂരിലെ തോൽവിയിലുള്ള സഹതാപ തരംഗവും സർക്കാർ വിരുദ്ധ വികാരവും വോട്ടായി മാറുമെന്നാണ് കണക്കുകൂട്ടൽ.
പാർലമെന്റെ തിരഞ്ഞെടുപ്പിൽ ആലത്തൂരിലുണ്ടാക്കിയ മുന്നേറ്റത്തിന്റെ കരുത്തിലാണ് ബിജെപി ചേലക്കരയിൽ ഇറങ്ങുന്നത്. പ്രാദേശികമായി ഏറെ സ്വാധീനമുള്ള കെ ബാലകൃഷ്ണനിലൂടെ ത്രികോണ മത്സരമാണ് ബിജെപിയുടെ ലക്ഷ്യം. കൂട്ടിയും കിഴിച്ചുമുള്ള രാഷ്ട്രീയ തന്ത്രങ്ങൾ ചേലക്കരയുടെ അണിയറയിൽ ഒരുങ്ങുകയാണ്.