KeralaTop News

‘ഉപഹാരം നല്‍കും മുന്‍പ് ഞാന്‍ പോകുന്നു, അതിന് കാരണമുണ്ട്, അത് ഉടന്‍ എല്ലാവരും അറിയും’; വേദി വിട്ടിറങ്ങുന്നതിന് മുന്‍പ് നവീനെക്കുറിച്ച് ദിവ്യ പറഞ്ഞത്…

Spread the love

കണ്ണൂരിലെ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞ ആരോപണവും അധിക്ഷേപവുമല്ലാതെ ആത്മഹത്യ ചെയ്യാന്‍ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ സംബന്ധിച്ച് മറ്റ് കാരണങ്ങളില്ലെന്നാണ് ബന്ധുക്കള്‍ തറപ്പിച്ച് പറയുന്നത്. ഗുരുതരമായ അഴിമതിയുടെ സംശയ നിഴല്‍ നവീനിലേക്ക് നീളുന്ന തരത്തിലാണ് വേദിയില്‍ ദിവ്യ ക്ഷണിക്കപ്പെടാതെ എത്തി സംസാരിച്ചത്. കൃത്യമായി കാര്യമെന്തെന്ന് പറയാതെ ദുരൂഹത നിലനിര്‍ത്തി സംസാരിച്ച ദിവ്യ കൂടുതല്‍ വിവരങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്നും പറഞ്ഞു. നവീന് ഉപഹാരം സമര്‍പ്പിക്കുന്നത് കാണുന്നതിന് മുന്‍പേ അതിവേഗം വേദി വിട്ടിറങ്ങിയ ദിവ്യ, ‘ഉപഹാരം സമര്‍പ്പിക്കുമ്പോള്‍ ഞാനിവിടെ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ രണ്ട് ദിവസം കൊണ്ട് നിങ്ങളെല്ലാം അറിയും’ എന്നുകൂടി പറഞ്ഞുവച്ചാണ് മടങ്ങിയത്.

ഒരു പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇന്നലെ പി പി ദിവ്യയുടെ വിമര്‍ശനം. ചെങ്ങളായിയില്‍ ഒരു സംരംഭകന്റെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം നവീന്‍ വൈകിപ്പിച്ചെന്നും ഇപ്പോള്‍ എന്‍ഒസി നല്‍കിയത് എങ്ങനെയെന്ന് തനിക്കറിയാമെന്നുമായിരുന്നു നവീനെ വേദിയിലിരുത്തി ദിവ്യയുടെ വാക്കുകള്‍. എന്തൊക്കെയായാലും ഇപ്പോള്‍ എന്‍ഒസി നല്‍കിയതിന്റെ നന്ദി അറിയിക്കാനാണ് താന്‍ നേരിട്ടെത്തിയതെന്ന് ദിവ്യ പറഞ്ഞു. ജീവിതത്തില്‍ സത്യസന്ധത വേണം. കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെയാകരുത് പുതിയ സ്ഥലത്തെന്നും കൂടി പി പി ദിവ്യ പറഞ്ഞു.

നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. പി പി ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം ഞെട്ടിക്കുന്നതാണെന്നും വ്യക്തമായ തെളിവുകളില്ലാതെ പൊതുവേദിയില്‍ ആരോപണം ഉന്നയിച്ച പി പി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു