നവീനെ മരണത്തിലേക്ക് തള്ളിയിട്ടതോ? ദിവ്യയുടെ ഇന്നലത്തെ വരവിലും വാക്കുകളിലും ദുരൂഹത ഉന്നയിച്ച് പ്രതിപക്ഷം; ഒരു ലക്ഷം കണ്ട് നവീന്റെ കണ്ണുമഞ്ഞളിച്ചെന്നത് വിശ്വാസയോഗ്യമോ?
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ഭീഷണിയുടെ വക്കോളമെത്തുന്ന ആരോപണവും അധിക്ഷേപവുമാണ് കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വാക്കുകളില്‍ നിന്ന് ഉറപ്പാകുകയാണ്. പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയുടെ ഭാഷയില്‍ ദിവ്യ ഉന്നയിച്ച അഴിമതി ആരോപണം കേട്ട് ഇന്നലെ വേദിയില്‍ മൗനിയായിരുന്ന നവീന്‍ ബാബുവിനെ ഇന്ന് കണ്ടെത്തുന്നത് ആത്മഹത്യ ചെയ്ത നിലയിലാണ്. ട്രാന്‍സ്ഫര്‍ കിട്ടി സ്വന്തം നാട്ടിലേക്ക് മടങ്ങാനിരുന്ന നവീന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി ദിവ്യയെത്തി മാസ് ഡയലോഗുകള്‍ പറഞ്ഞ് വേദിയെ വിറപ്പിച്ച് അതിനാടകീയമായി ഇറങ്ങിപ്പോയതിന് പിന്നിലെ പൊരുളാണ് ഇന്ന് രാഷ്ട്രീയ രംഗം ചര്‍ച്ച ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പെരുമാറ്റം അപക്വമായെന്ന വിമര്‍ശനം സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. അതേസമയം ദിവ്യയ്ക്കെതിരെ തെരുവില്‍ പ്രതിഷേധം തുടരുകയാണ് കോണ്‍ഗ്രസും ബിജെപിയും. റിട്ടയര്‍മെന്റിനോട് അടുത്ത സമയത്ത് നവീന്‍ ബാബു ഒരുലക്ഷം രൂപ കണ്ട് കണ്ണ് മഞ്ഞളിച്ച് ഇക്കാലമത്രയും തുടര്‍ന്ന സത്യസന്ധത കൈവിട്ടെന്ന് വിശ്വസിക്കാന്‍ സഹപ്രവര്‍ത്തകരോ റവന്യൂ വകുപ്പോ പോലും തയാറാകുന്നില്ല. ദിവ്യയുടേത് വെറുമൊരു പബ്ലിസിറ്റ് സ്റ്റണ്ട് മാത്രമായിരുന്നോ അതോ അതിനപ്പുറം കാരണങ്ങളുണ്ടോ എന്നുള്ള സംശയങ്ങളും സജീവമായി ഉയരുന്നുണ്ട്. ആരും അറിയാതെ പോകുമായിരുന്ന ഒരു യാത്രയയപ്പ് ചടങ്ങ് ഇന്നലെ തന്നെ വലിയ ചര്‍ച്ചയായതിന് പിന്നിലും സംശയങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്.
ഗുരുതരമായ അഴിമതിയുടെ സംശയ നിഴല്‍ നവീനിലേക്ക് നീളുന്ന തരത്തിലാണ് വേദിയില്‍ ദിവ്യ ക്ഷണിക്കപ്പെടാതെ എത്തി സംസാരിച്ചത്. കൃത്യമായി കാര്യമെന്തെന്ന് പറയാതെ ദുരൂഹത നിലനിര്‍ത്തി സംസാരിച്ച ദിവ്യ കൂടുതല്‍ വിവരങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്നും പറഞ്ഞു. നവീന്‍ ഉപഹാരം സമര്‍പ്പിക്കുന്നത് കാണുന്നതിന് മുന്‍പേ അതിവേഗം വേദി വിട്ടിറങ്ങിയ ദിവ്യ, ‘ഉപഹാരം സമര്‍പ്പിക്കുമ്പോള്‍ ഞാനിവിടെ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ രണ്ട് ദിവസം കൊണ്ട് നിങ്ങളെല്ലാം അറിയും’ എന്നുകൂടി പറഞ്ഞുവച്ചാണ് മടങ്ങിയത്.
ഒരു പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇന്നലെ പി പി ദിവ്യയുടെ വിമര്‍ശനം. ചെങ്ങളായിയില്‍ ഒരു സംരംഭകന്റെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നത് മാസങ്ങളോളം നവീന്‍ വൈകിപ്പിച്ചെന്നും ഇപ്പോള്‍ എന്‍ഒസി നല്‍കിയത് എങ്ങനെയെന്ന് തനിക്കറിയാമെന്നുമായിരുന്നു നവീനെ വേദിയിലിരുത്തി ദിവ്യയുടെ വാക്കുകള്‍. എന്തൊക്കെയായാലും ഇപ്പോള്‍ എന്‍ഒസി നല്‍കിയതിന്റെ നന്ദി അറിയിക്കാനാണ് താന്‍ നേരിട്ടെത്തിയതെന്ന് ദിവ്യ പറഞ്ഞു. ജീവിതത്തില്‍ സത്യസന്ധത വേണം. കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെയാകരുത് പുതിയ സ്ഥലത്തെന്നും കൂടി പി പി ദിവ്യ പറഞ്ഞു.
പി പി ദിവ്യയും നവീന്‍ ബാബുവും സമാനമായ രാഷ്ട്രീയ ബോധ്യങ്ങള്‍ പിന്‍പറ്റുന്നവരാണെന്ന വിവരം വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റേത് സിപിഐഎം കുടുംബമെന്ന് ബന്ധുക്കള്‍ പറയുന്നു. നവീന്റെ മാതാവും മറ്റ് ബന്ധുക്കളും സിപിഐഎം അനുഭാവികളാണ്. നവീന്‍ പഠിക്കുന്ന കാലത്ത് എസ്എഫ്ഐ ആയിരുന്നെന്നും ഇടത് അനുഭാവിയാണെന്നും നവീന്റെ സ്വദേശമായ മലയാലപ്പുഴയിലെ സിപിഐഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. നവീന്റെ ഭാര്യ കോന്നി തഹസീല്‍ദാറാണ്. നവീന്റെ അമ്മ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ്. നവീന്‍ അഴിമതിക്കാരന് എന്ന പേര് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പെട്രോള്‍ പമ്പിന്റെ അനുമതിക്കായി പ്രശാന്തന് എന്നയാളോട് നവീന്‍ 98500 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പ്രശാന്തന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രശാന്തന് സിപിഐഎം നേതാവ് ബിജു കണ്ടക്കൈയുടെ ബന്ധുവാണെന്നും ഈ വിഷയം സിപിഐഎം കെട്ടിച്ചമച്ചതാണെന്നും കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ആരോപിച്ചു. ഇതിനിടെ താനും സിപിഐഎമ്മും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന നവീന്റെ ഒരു വാട്ട്സ്ആപ്പ് മെസേജ് പുറത്തെത്തി. സിപിഐ സംഘടനക്കാരും റവന്യൂ മന്ത്രിയും ഇടപെട്ടിട്ടും പത്തനംതിട്ടയിലേക്ക് മാറ്റം തരാന്‍ തയ്യാറായില്ലെന്നും സ്വന്തം സംഘടനയില്‍ പെട്ടവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നും സൂചിപ്പിക്കുന്ന വാട്ട്സ്ആപ്പ് സന്ദേശമാണ് പുറത്തെത്തിയത്. ഇത് രണ്ടുമാസം മുന്‍പ് നവീന്‍ ബാബു സുഹൃത്ത് ഹരിഗോപാലിനയച്ച സന്ദേശമാണ്.
നവീന്റെ ട്രാക്ക് റെക്കോര്‍ഡുകള്‍ ശുദ്ധമാണെന്ന സഹപ്രവര്‍ത്തകരുടേയും സംഘടനാ പ്രതിനിധികളുടേയും വാദത്തിന് റവന്യൂ വകുപ്പിന്റെ പിന്തുണയുമുണ്ട്. നവീനെക്കുറിച്ച് മോശമായ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നുമായിരുന്നു റവന്യൂ മന്ത്രി കെ രാജന്റെ പ്രതികരണം. ജനപ്രതിനിധികള്‍ പക്വത പാലിക്കണമെന്ന് കെ രാജന് പിപി ദിവ്യയെ ഓര്‍മിപ്പിക്കുകയും ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ മാര്‍ച്ച് പതിയെ സംഘര്‍ഷ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം നവീന്റെ ആത്മഹത്യാക്കുറിപ്പ് നശിപ്പിക്കാന്‍ ശ്രമമുണ്ടായെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നു.