സ്ഥലം മാറ്റത്തില്‍ സ്വന്തം സംഘടന ഇടപെട്ടു’ : നവീന്‍ ബാബു സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശം പുറത്ത്
നവീന്‍ ബാബു സുഹൃത്തിന് അയച്ച വാട്‌സാപ്പ് സന്ദേശം പുറത്ത്. സിപിഐ സംഘടനക്കാരും റവന്യു മന്ത്രിയും ഇടപെട്ടിട്ടും പത്തനംതിട്ടയിലേക്ക് മാറ്റം തരാന്‍ തയാറായില്ല എന്നാണ് സന്ദേശത്തില്‍ പറയുന്നത്. സ്വന്തം സംഘടനയില്‍പ്പെട്ടവര്‍ തന്നെയാണ് അതിന് പിന്നിലെന്നും സന്ദേശത്തില്‍ ആരോപിക്കുന്നു. ആഗസ്റ്റ് മാസമാണ് സുഹൃത്തിന് നവീന്‍ ഇത്തരത്തില്‍ സന്ദേശമയച്ചത്.
എനിക്ക് പത്തനംതിട്ട എഡിഎം ആയി സിപിഐക്കാര്‍ തരാന്‍ തയാറായി. അപ്പോള്‍ എന്റെ സ്വന്തം സംഘടന ഞാനറിയാതെ ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും റവന്യു മന്ത്രിയേ വിളിച്ചു പറഞ്ഞു, കണ്ണൂര്‍ എഡിഎം, നന്നായി ജോലി ചെയ്യുന്നു മാറ്റരുതെന്ന്. അതറിഞ്ഞു ഞാന്‍ ഇനി കണ്ണൂര്‍ വരുന്നില്ല എന്ന് പറഞ്ഞ് മൂന്ന് മാസം ലീവ് എഴുതി കൊടുത്തു. കളക്ടര്‍ റെക്കമെന്റ് ചെയ്ത് അയച്ചു. Govt ചെന്നപ്പോള്‍ അവര്‍ പാസാക്കാമെന്ന് പറഞ്ഞതുമാണ്. പക്ഷെ, മൂന്ന് ദിവസം കഴിഞ്ഞ് ആയിരുന്നു വയനാട് ദുരന്തം. അതുകൊണ്ട് ലീവ് റിജക്റ്റ് ആയി. പെട്ടന്ന് ജോയിന്‍ ചെയ്യാന്‍ പറഞ്ഞു. ഒരാഴ്ച വയനാട് നിന്നിട്ട് മിനിഞ്ഞാന്ന്് വീണ്ടും കണ്ണൂര്‍- എന്നാണ് പുറത്ത് വന്ന സന്ദേശത്തില്‍ പറയുന്നത്.
നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. പി പി ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം ഞെട്ടിക്കുന്നതാണെന്നും വ്യക്തമായ തെളിവുകളില്ലാതെ പൊതുവേദിയില്‍ ആരോപണം ഉന്നയിച്ച പി പി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.