‘നവീനെ കുറിച്ച് ഇതുവരെ മോശപ്പെട്ടൊരു പരാതി ലഭിച്ചിട്ടില്ല, സത്യസന്ധനായ ഉദ്യോഗസ്ഥന്’ : മന്ത്രി കെ രാജന്
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി മന്ത്രി കെ രാജന്. വളരെ സങ്കടകരമായ നിമിഷമെന്നും നവീന്‍ ബാബുവിന്റെ മരണം വ്യക്തിപരമായും റവന്യു കുടുംബത്തിനും വലിയ നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍, പൊതു സമൂഹത്തിനകത്ത് ഇടപെടലിലും ചലനങ്ങളിലും സംസാരത്തിലുമൊക്കെ പക്വതയും പൊതു ധാരണയും പ്രകടിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.
കണ്ണൂരിലെ ജില്ലാ കളക്ടറോട് അടിയന്തിരമായി അന്വേഷിച്ച് പ്രഥമിക റിപ്പോര്‍ട്ട് നല്‍കാനുള്ള നിര്‍ദേശം ഇതിനോടകം നല്കിക്കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവീനെ കുറിച്ച് ഇതുവരെ മോശപ്പെട്ടൊരു പരാതി ലഭിച്ചിട്ടില്ല. കഴിവുള്ള, സത്യസന്ധനായ, ചുമതലകള്‍ ധൈര്യമായി ഏല്‍പ്പിക്കാന്‍ സാധിക്കുന്ന ഉദ്യോഗസ്ഥനാണ് എന്നാണ് വ്യക്തിപരമായ അറിവ്. അദ്ദേഹത്തിന്റെ ആവശ്യ പ്രകാരമാണ് എഡിഎം എന്ന കണ്ണൂരിലെ ചുമതലയില്‍ നിന്ന് പത്തനംതിട്ട എഡിഎം എന്ന ചുമതലയിലേക്ക് മാറ്റി നിശ്ചയിച്ചത്. വളരെ ദൗര്‍ഭാഗ്യകരമായ സംഭവം – കെ രാജന് വ്യക്തമാക്കി.
നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. പി പി ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇന്ന് രാവിലെ മുതല്‍ ഫോണില്‍ നവീനെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ പരിഭ്രാന്തിയിലായ ഭാര്യയാണ് ഉദ്യോഗസ്ഥരോട് താമസസ്ഥലത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെടുന്നത്. നവീനെതിരായ ആരോപണം കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ പി പി ദിവ്യ ഇന്ന് വാര്‍ത്താ സമ്മേളനം തീരുമാനിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലത്തെ ആരോപണത്തിലുണ്ടായ മനോവിഷമം അല്ലാതെ നവീന്‍ മറ്റ് പ്രശ്നങ്ങള്‍ ഇല്ലായിരുന്നെന്ന് കുടുംബം അറിയിച്ചു.