കല്‍പ്പാത്തി രാഥോത്സവം: ‘പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണം’; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് BJP
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ബിജെപി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിശ്ചയിച്ചിരിക്കുന്ന തീയതിയായ 13ൽ നിന്നും 20 ലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് കത്തയച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനർ രാജീവ് കുമാറിനാണ് ബിജെപി കത്ത് അയച്ചത്.
ഇന്ന് വൈകിട്ടായിരുന്നു സംസ്ഥാനത്ത് മൂന്ന് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 13ന് വോട്ടെടുപ്പും 23ന് വോട്ടെണ്ണലും നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചത്. എന്നാൽ നവംബർ 13 കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സമയമാണ്.
തീയതി മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയും തീയതി മാറ്റണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശനും തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. നവംബർ 13-ന് മുൻപുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.