മഹാരാഷ്ട്രയും ഝാർഖണ്ഡും ബൂത്തിലേക്ക്; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. മഹാരാഷ്ട്രയിൽ 288 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 26 ന് നിലവിലെ സഭയുടെ കാലാവധി അവസാനിക്കും. 9.63 കോടി വോട്ടർമാരാണ് മഹാരാഷ്ട്രയിൽ ഉള്ളത്. 81 അംഗ നിയമസഭയിലേക്കാണ് ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2.6 കോടി വോട്ടർമാർ സംസ്ഥാനത്തുണ്ട്. നിലവിലുള്ള സഭയുടെ കാലാവധി ജനുവരി 5 ന് കഴിയും.
മഹാരാഷ്ട്രിയിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കും. നവംബർ 23ന് വോട്ടെണ്ണൽ നടക്കും. ബുധനാഴ്ച വോട്ടെടുപ്പ് വച്ചത് പോളിംഗ് ശതമാനം കൂടാൻ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജീവ് കുമാർ അറിയിച്ചു. ഝാർഖണ്ഡിൽ രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 13ന് ആദ്യ ഘട്ടവും രണ്ടാംഘട്ടം നവംബർ 20നും നടക്കും. വോട്ടെടുപ്പ് നവംബർ 23 ന് നടത്തും.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രാഥമിക സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ സൗകര്യം. അത്തരത്തിലുള്ള വോട്ടെടുപ്പിൽ സുതാര്യത ഉറപ്പുവരുത്തും. ഹരിയാന ജമ്മുകശ്മീർ നിയമസഭ തിരഞ്ഞെടുപ്പുകളിൽ മികച്ച വോട്ടിങ് ശതമാനം ഉണ്ടായി. ഒരോ തിരഞ്ഞെടുപ്പിലും ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ റെക്കോർഡുകൾ സൃഷ്ടിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
രണ്ടു സംസ്ഥാനങ്ങളിലും അക്രമരഹിതമായി തെരഞ്ഞെടുപ്പ് നടന്നു. ഒരു റീപോളിംഗ് പോലും ഉണ്ടായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ഹരിയാന, ജമ്മു കശ്മീർ തെരഞ്ഞെടുപ്പുകളിൽ കള്ളപ്പണത്തിന്റെ സ്വാധീനം കുറയ്ക്കാൻ കഴിഞ്ഞെന്ന് കമ്മിഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയകരമാക്കിയ ഹരിയാന ,ജമ്മു കശ്മീർ എന്നിവിടങ്ങളിലെ എല്ലാ വോട്ടർമാർക്കുംമുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നന്ദിയറിയിച്ചു.