Monday, November 18, 2024
Latest:
KeralaTop News

അന്‍വറിന്റെ വിമര്‍ശനങ്ങളില്‍ അഭിപ്രായം പറയാനില്ലെന്ന് വെള്ളാപ്പള്ളി, സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് അന്‍വര്‍

Spread the love

അന്‍വറിന് രാഷ്ട്രീയ ഉപദേശം നല്‍കാനില്ലെന്നും താന്‍ രാഷ്ട്രീയക്കാരനല്ലെന്നും വെള്ളാപ്പള്ളി നടേശന്‍. അന്‍വറിന്റെ വിമര്‍ശനങ്ങളില്‍ അഭിപ്രായം പറയാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍പും ഇവിടെ വന്നിട്ടുണ്ട്. അന്‍വറിനെ നേരത്തെ അറിയാം. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണെന്നും പിവി അന്‍വറിന്റെ അഭിപ്രായത്തോട് വിമര്‍ശനം ഉണ്ടോ ഇല്ലയോ എന്ന് മാധ്യമങ്ങളോട് വ്യക്തമാക്കാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എഡിജിപിയുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചില്ല. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ താന്‍ എന്ത് അഭിപ്രായം പറയാനെന്നും അദ്ദേഹം ചോദിച്ചു. ഞാന്‍ DMKയിലും ഇല്ല ADMKയിലും ഇല്ല. അന്‍വറിന് അന്‍വറിന്റെ നിലപാട് എനിക്ക് എന്റെ നിലപാട് – വെള്ളാപ്പള്ളി വിശദമാക്കി.

ശബരി മല വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ശബരിമല വിവാദ വിഷയമാക്കരുത്. എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിന് അവസരം ഒരുക്കണം. സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തിരുത്തുമെന്നാണ് പ്രതീക്ഷ – വെള്ളാപ്പള്ളി വ്യക്തമാക്കി.

വെള്ളാപ്പള്ളി യുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ഉദ്ദേശമില്ലെന്ന് അന്‍വറും വ്യക്തമാക്കി. തികച്ചും സൗഹൃദ കൂടിക്കാഴ്ച എന്ന് അന്‍വര്‍ പറഞ്ഞു. സന്ദര്‍ശനത്തില്‍ ഒരുതരത്തിലും രാഷ്ട്രീയമില്ല. ബിനോയ് വിശ്വത്തിന് മറുപടി പിന്നീട് നല്‍കും. വെള്ളാപ്പള്ളിയുടെ കുടുംബവീട്ടില്‍ വച്ച് അതിനു മറുപടി പറയാനില്ല – അന്‍വര്‍ പറഞ്ഞു.

എഡിജിപി അജിത് കുമാറിനെതിരെ വലിയ ബന്ധം പുലര്‍ത്തുന്നയാളാണ് വെള്ളാപ്പള്ളി നടേശന്‍. കൂടാതെ സര്‍ക്കാരിനെ പിണക്കാത്ത രീതിയലുള്ള നിലപാട് ആണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നത്. ഇതിനിടെയാണ് സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ തുടരുന്ന അന്‍വര്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയത്. ആദ്യം എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയുമായിരുന്നു അന്‍വറിന്റെ വിമര്‍ശനങ്ങള്‍. പിന്നീട് ആരോപണങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിക്കെതിരയെും സിപിഐഎമ്മിനെതിരെയും അന്‍വര്‍ രംഗത്തെത്തിയിരുന്നു.