NationalTop News

മദ്രസകള്‍ക്കെതിരായ നീക്കത്തിനെതിരെ കേരളത്തില്‍ നടന്ന പ്രതിഷേധം: രൂക്ഷമായ പ്രതികരണവുമായി ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍

Spread the love

മദ്രസകള്‍ അടച്ചുപൂട്ടണ നിര്‍ദേശത്തിനെതിരെ കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ദേശീയ ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂഗോ. കേരളത്തില്‍ വ്യാപകമായ പ്രതിഷേധം നടക്കുന്നുവെന്ന വാര്‍ത്ത പങ്കുവച്ച് കൊണ്ട് അദ്ദേഹം ഏകപക്ഷീയമായ അഭിപ്രായങ്ങള്‍ വച്ച് ഇത്തരം അജണ്ടകള്‍ വ്യാപകമായി പ്രചരിപ്പിക്കരുതെന്ന് എക്‌സില്‍ കുറിച്ചു. ബാലാവകാശങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ വേറെ വഴി തേടേണ്ടിവരുമെന്നും അദ്ദേഹം പരിഹസിച്ചു. കേന്ദ്ര സര്‍ക്കാരിന്റേയും അവരുടെ ഏജന്‍സികളുടേയും വര്‍ഗീയ അജണ്ടയാണ് മദ്രസകള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തെക്കുറിച്ചുള്ള പത്ര റിപ്പോര്‍ട്ട് പങ്കുവച്ചുകൊണ്ടാണ് കനൂഗോയുടെ പ്രതികരണം.

മദ്രസകള്‍ അടച്ചുപൂട്ടണമെന്ന് കാണിച്ച് ബാലാവകാശ കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചതാണ് കേരളത്തിലെ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന് ബാലവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. മദ്രസകളില്‍ പഠിക്കുന്ന കുട്ടികളെ ”ഔപചാരിക വിദ്യാലയങ്ങളില്‍ ചേര്‍ക്കണം എന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

എന്‍സിപിസിആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ ഒക്ടോബര്‍ 11 നാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് അയച്ചത്. അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് നടപടി ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന്‍ കത്തയച്ചിരിക്കുന്നത്. ”വിശ്വാസത്തിന്റെ സംരക്ഷകര്‍ അല്ലെങ്കില്‍ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവര്‍: കുട്ടികളുടെ ഭരണഘടനാ അവകാശങ്ങളളും മദ്രസകളും” എന്ന തലക്കെട്ടില്‍ മദ്രസകളുടെ ചരിത്രത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ലംഘനത്തില്‍ അവരുടെ പങ്കിനെക്കുറിച്ചുമുള്ള 11 അധ്യായങ്ങള്‍ അടങ്ങുന്ന ബാലാവകാശ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍ വന്നത്.