സന്ധ്യയുടെ കടം ഏറ്റെടുത്ത് യൂസഫലി; പൊട്ടിക്കരഞ്ഞ് നന്ദി പറഞ്ഞ് സന്ധ്യ
ഏഴര ലക്ഷം രൂപയുടെ കടത്തിന്റെ പേരില്‍ വീട് ജപ്തി ചെയ്യപ്പെട്ട് മക്കളോടൊപ്പം പെരുവഴിയിലായ സന്ധ്യ എന്ന യുവതിക്ക് കൈത്താങ്ങേകി വ്യവസായി യൂസഫലി. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡില്‍ സന്ധ്യയ്ക്കുള്ള കടം മുഴുവന്‍ ഏറ്റെടുത്ത് ഉടന്‍ തന്നെ അടച്ചുതീര്‍ക്കുമെന്നും സ്വന്തം വീട്ടില്‍ ഇനി സമാധാനമായി സന്ധ്യക്ക് ഉറങ്ങാനാകുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. കടം അടയ്ക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ ജപ്തി ചെയ്യപ്പെട്ട വീടിന് മുന്നില്‍ മക്കളുമൊന്നിച്ച് തളര്‍ന്നിരിക്കുന്ന സന്ധ്യയുടെ ദുരവസ്ഥ വാര്‍ത്തയാക്കിയിരുന്നത്. മുഴുവന്‍ തുകയും നാളെ തന്നെ അടയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് പിആര്‍ഒ അറിയിച്ചു.
തനിക്ക് സമാധാനമായെന്നും യൂസഫലി സഹായിച്ചില്ലായിരുന്നെങ്കില്‍ താനും മക്കളും ഇന്ന് മരിക്കേണ്ടതായിരുന്നെന്നും സന്ധ്യ പറഞ്ഞു. മൂന്ന് വര്‍ഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനം സന്ധ്യയുടെ വീട് ജപ്തി ചെയ്തത്. എന്നാല്‍ നാല് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഏറ്റവും അവസാനമാണ് ജപ്തി നടപടി സ്വീകരിച്ചതെന്നും മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കി.
വീട് പണയം വച്ച് ഇവര്‍ നാല് ലക്ഷം രൂപയാണ് വായ്പ എടുത്തതെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ ഇത് പലിശ ഉള്‍പ്പെടെ ഏഴര ലക്ഷം രൂപയായി. ഇന്ന് രാവിലെയാണ് ബാങ്ക് അധികൃതര്‍ എത്തി വീട് ജപ്തി ചെയ്തത്. സന്ധ്യയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിച്ചുവന്നിരുന്നത്. ഭര്‍ത്താവ് വരുത്തിവച്ച കടമാണെന്നും ഭര്‍ത്താവ് രണ്ട് മക്കളേയും തന്നെയും തനിച്ചാക്കി ഉപേക്ഷിച്ചുപോയെന്നും സന്ധ്യ പറയുന്നു. ഒരു വസ്ത്രവ്യാപാക സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയാണ് നിലവില്‍ സന്ധ്യ. തന്റെ വരുമാനം വീട്ടുചെലവുകള്‍ക്കല്ലാതെ വായ്പ അടക്കാന്‍ തികയുന്നില്ലെന്നായിരുന്നു സന്ധ്യ പറഞ്ഞിരുന്നത്.