ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉണ്ടായേക്കും
ജമ്മു കശ്മീരിൽ ഒമർ അബ്ദുള്ള സർക്കാരിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉണ്ടായേക്കും. രാഷ്ട്രപതി ഭരണം പിൻവലിച്ചത്തിന് പിന്നാലെയാണ് സർക്കാർ രൂപീകരണ നീക്കങ്ങൾ. സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യ സഖ്യത്തിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കും. ഹരിയാനയിൽ നയാബ് സിംഗ് സൈനി സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ആറു വർഷങ്ങൾക്ക് ശേഷമാണ് ജമ്മുകശ്മീരിൽ സർക്കാർ അധികാരമേൽക്കാൻ ഒരുങ്ങുന്നത്. ഒമർ അബ്ദുള്ള സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ, ലെഫ്റ്റ്നെന്റ് ഗവർണർ മനോജ് സിൻഹ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റെ മറുപടി ലഭിച്ച സാഹചര്യത്തിലാണ്, രാഷ്ട്രപതി ഭരണം പിൻവലിച്ചത്. ഇതോടെ സർക്കാർ രൂപീകരണത്തിന്റെ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യസഖ്യം.
മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ളവയിൽ അന്തിമധാരണയിലേക്ക് എത്തിയതായാണ് വിവരം. അഞ്ച് സ്വതന്ത്രരും ഒരു എഎപി എംഎൽഎയും നാഷണൽ കോൺഫറൻസിന് പിന്തുണ പ്രഖ്യാപിച്ച് സഖ്യത്തിൻ്റെ ആകെ സീറ്റ് 55ആയി ഉയർത്തി. സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യ സഖ്യത്തിന്റെ മുതിർന്ന നേതാക്കൾ പങ്കെടുക്കും. അതിനിടെ ഹരിയാനയിൽ വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. പഞ്ചകുളയിൽ നടക്കുന്ന ചടങ്ങിൽ വിപുലമായ പരിപാടികളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്.