KeralaTop News

‘എംഡിഎംഎ അടങ്ങിയ കൊറിയര്‍ തായ്‌വാനിലേക്ക് അയച്ചെന്ന് പറഞ്ഞു’, ഡിജിറ്റല്‍ അറസ്റ്റിന്റെ മറവില്‍ മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം

Spread the love

ഡിജിറ്റല്‍ അറസ്റ്റിന്റെ മറവില്‍ നടി മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം. എംഡിഎംഎ അടങ്ങിയ കൊറിയര്‍ മാല പാര്‍വതിയുടെ പേരില്‍ തായ്വാനിലേക്ക് അയച്ചെന്ന വ്യാജേനയായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്. ഒരു മണിക്കൂറിന് ശേഷമാണ് തട്ടിപ്പ് മനസിലായത് എന്ന് മാല പാര്‍വതി പറഞ്ഞു.

മാര്‍ ഗീവര്‍ഗീസ് കൂറിലോസ്, സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ് എന്നിവര്‍ക്ക് പിന്നാലെയാണ് നടി മാലപാര്‍വതിയെ സൈബര്‍ തട്ടിപ്പ് സംഘം വെര്‍ച്വല്‍ അറസ്റ്റിന് വിധേയമാക്കാന്‍ ശ്രമിച്ചത്. വിക്രം സിങ് എന്ന പോലീസ് ഉദോഗസ്ഥന്റെ പേരിലാണ് ഫോണ്‍ കോള്‍ എത്തിയത്. പിന്നാലെ വ്യാജ ഐഡി കാര്‍ഡും അയച്ചുനല്‍കി.

നടിയുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തായ്വാനിലേക്ക് ഒരു പാര്‍സല്‍ പോയിട്ടുണ്ടെന്നും അതില്‍ അനധികൃതമായി കടത്തിയ മയക്കുമരുന്ന് ആണെന്ന് തട്ടിപ്പ് സംഘം പറഞ്ഞു. ആദ്യം വിശ്വസിച്ചുവെന്നും പിന്നിട് ഓണ്‍ലൈനില്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്നും പാലാ പാര്‍വതി പറഞ്ഞു. സൈബര്‍ സെല്ലില്‍ പരാതിനല്‍കാനാണ് താരത്തിന്റെ തീരുമാനം.

നേരത്തെ, സൈബര്‍ തട്ടിപ്പിന് താന്‍ ഇര ആയെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസം വെര്‍ച്വല്‍ കസ്റ്റഡിയില്‍ ആണെന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍. വിരമിക്കല്‍ ആനുകൂല്യം അടക്കമുള്ള തുകയാണ് അദ്ദേഹത്തില്‍ നിന്ന് തട്ടിപ്പ് സംഘം കൈക്കലാക്കത്. 15 ലക്ഷത്തിലധികം അദ്ദേഹത്തിന് നഷ്ടമായി.

സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവിനെ തട്ടിപ്പുകാര്‍ കുടുക്കാന്‍ ശ്രമിച്ചത്. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം അദ്ദേഹത്തെ സമീപിച്ചത്. 1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് അയക്കാനായിരുന്നു ആവശ്യം. സിബിഐ, സുപ്രീംകോടതി രേഖകള്‍ അയച്ചു നല്‍കിയാണ് തട്ടിപ്പിന് ശ്രമിച്ചത്. ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു സംസാരം. പണം പിന്‍വലിക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും ഇതോടെ പണം നല്‍കിയില്ലെന്നും ജെറി പറഞ്ഞു. ഒരാഴ്ചയാണ് ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ മാനസിക സമ്മര്‍ദ്ദം നേരിട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികര്‍ക്ക് പുറമേ സെലിബ്രിറ്റികളെ കേന്ദ്രീകരിച്ചും സൈബര്‍ തട്ടിപ്പ് സംഘം വല വിരിക്കുന്നുണ്ട്. കെണിയില്‍ വീണ് കോടികള്‍ നഷ്ടമായവരും ഈ പട്ടികയില്‍ ഉണ്ട്. ഇത്തരം ഫോണ്‍ കോളുകള്‍ വരുമ്പോള്‍ അടിയന്തരമായി പോലീസിനെ സമീപിക്കുക എന്നത് മാത്രമാണ് രക്ഷപ്പെടാനുള്ള പോംവഴി.