Kerala

‘ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം ആക്കരുത്; ശബരിമലയിൽ സ്പോട്ട് ബുക്കിങ് അനുവദിക്കണം’; വിമർശിച്ച് CPI മുഖപത്രം

Spread the love

ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതിൽ ദേവസ്വം മന്ത്രി വി എൻ വാസവനേയും സർക്കാരിനേയും വിമർശിച്ച് സിപിഐ മുഖപത്രം ജനയുഗം. ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ല. ദർശനത്തിന് സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്നും ജനയുഗത്തിലെ ലേഖനത്തിൽ ആവശ്യപ്പെടുന്നു.

ശബരിമല വിഷയത്തിൽ ഒരിക്കൽ കൈപൊള്ളിയിട്ടും പഠിച്ചില്ലെന്ന് വിമർശനം. ദുശാഠ്യങ്ങൾ ശത്രു വർഗ്ഗത്തിന് ആയുധം ആക്കരുത്. സെൻസിറ്റീവ് ആയ വിഷയങ്ങളിലെ കടുംപിടുത്തം ആപത്തിൽ കൊണ്ടുചാടിക്കുമെന്ന് ജനയു​ഗത്തിൽ മുന്നറിയിപ്പ് നൽകുന്നു. സ്പോട്ട് ബുക്കിങ് നിർത്താലാക്കിയ തീരുമാനത്തിൽ വിമർശനം ശക്തമാകുന്നതിനിടെയാണ് ജനയു​ഗത്തിലെ വിമർശനം. സ്പോട്ട് ബുക്കിങ് പൂർണമായി ഒഴിവാക്കിയാൽ രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാകുമെന്ന ഇടതുമുന്നണിയിലെ വിലയിരുത്തൽ. ഇതിന്റെ ഒരു പ്രതിഫലലമാണ് ജനയു​ഗത്തിലെ ലേഖനം.

ശബരിമല വിഷയം എന്ന ഓർമ്മയെങ്കിലും വാസവൻ മന്ത്രിക്ക് വേണ്ടേയെന്നും ലേഖനത്തിൽ പറയുന്നു. അതേസമയം ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും.
ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ മാത്രമെന്ന സർക്കാർ തീരുമാനം പുനരാലോചിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരിക്കും തീരുമാനമെടുക്കുക.

സ്പ്പോർട്ട് ബുക്കിങ്ങിനു പകരം ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി വിഎൻ വാസവൻ വ്യക്തമാക്കിയിരുന്നു. ഇടത്താവളങ്ങളിൽ കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ ഭക്തർക്കായി ഒരുക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതോടെ സ്പോട്ട് ബുക്കിങ് ഇല്ല എന്ന പ്രശ്നത്തിന് പരിഹാരമാകുമെന്നും മാലയിട്ട് ശബരിമലയിൽ വരുന്ന ഒരു ഭക്തനും ദർശനം നടത്താതെ പോകേണ്ടി വരില്ലെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു.