KeralaTop News

തൃശൂർ പൂരം കലക്കൽ; സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇനിയും തുടങ്ങിയില്ല

Spread the love

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം ഇനിയും തുടങ്ങിയില്ല. ഈ മാസം 5ന് മന്ത്രിസഭാ തീരുമാനപ്രകാരമുള്ള ഉത്തരവിറങ്ങിയെങ്കിലും പ്രത്യേക സംഘത്തെ ഇതുവരെ തീരുമാനിച്ചില്ല. അന്വേഷണ സംഘത്തിലുള്ളവരെ തീരുമാനിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന. സർക്കാർ തന്നെ ചില ഉദ്യോഗസ്ഥരെ നിർദ്ദേശിച്ചതായും വിവരമുണ്ട്. പൂരം അട്ടിമറിയിൽ കേസെടുത്ത് അന്വേഷിക്കുന്നതിലും ആശയക്കുഴപ്പം തുടരുകയാണ്.

പൂരം കലക്കലിൽ തൃതല അന്വേഷണത്തിനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപി അന്വേഷിക്കുമെന്നായിരുന്നു. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കുമെന്നും മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് ഇൻ്റലിജൻസ് എഡിജിപി അന്വേഷിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. മന്ത്രിസഭാ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങൾ ആരൊക്കെയെന്ന കാര്യത്തില്‍ തീരുമാനിക്കാൻ ഡിജിപിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, അന്വേഷണ സംഘത്തിലുള്ളവരെ തീരുമാനിക്കുന്നതിൽ ആശയക്കുഴപ്പമാണെന്നാണ് പുറത്ത് വരുന്ന വിവരം.