‘മകൻ പൂനെയിൽ ജോലിക്കായി പോയതാണ്, ഫോൺ പോലും വിളിക്കാറില്ല’; ബാബാ സിദ്ദിഖ് വധക്കേസിൽ പ്രതിയുടെ അമ്മ
മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പേർ ലോറൻസ് ബിഷ്ണോയി സംഘത്തിൽ പെട്ടവരാണെന്നാണ് മുബൈ പൊലീസ് പറയുന്നത്. ശനിയാഴ്ച രാത്രി 9.30 ഓടെ ബാന്ദ്രയിലെ ഓഫീസിൽ വെച്ചായിരുന്നു ബാബാ സിദ്ദിഖിന് നേരെ മൂന്നുപേരടങ്ങുന്ന അക്രമിസംഘം വെടിയുതിർത്തത്. പ്രതികളിൽ ഒരാൾ ഇപ്പോൾ ഒളിവിലാണ്.
കൊലപാതകത്തിൽ പൊലീസ് അന്വേഷണം തുടരുമ്പോഴും പ്രതികളുടെ കുടുംബങ്ങൾ വാർത്തയുടെ ഞെട്ടലിൽ നിന്ന് ഇതുവരെയും മോചിതരായിട്ടില്ല. ഈ അടുത്ത മാസങ്ങളിലായി മക്കൾക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നാണ് പ്രതികളുടെ വീട്ടുകാരുടെ പ്രതികരണം.
“രണ്ട് മാസം മുൻപാണ് ഒരു സ്ക്രാപ്യാർഡിൽ ജോലിക്കായി പൂനെയിലേക്ക് പോയത്, അതിനുശേഷം ഞങ്ങൾ ഒരു തവണ മാത്രമേ മകനുമായി സംസാരിച്ചിട്ടുള്ളൂ, പക്ഷെ അവൻ മുംബൈയിൽ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല” പ്രതികളിൽ ഒരാളായ ഉത്തർപ്രദേശ് സ്വദേശി ധരംരാജ് കശ്യപ് (19)ന്റെ അമ്മയുടെ വാക്കുകളാണിത്. മകൻ അവസാനമായി ‘ഹോളി’ക്കാണ് വീട്ടിൽ വന്നത്. അതിനുശേഷം അവൻ മടങ്ങിവന്നില്ല, ഫോണിൽ സംസാരിക്കുന്നത് പോലും നിർത്തിയെന്നും പ്രതിയുടെ അമ്മ പറയുന്നു.
അതേസമയം, ബാബാ സിദ്ദിഖിന് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ 15 ദിവസം മുൻപ് അദ്ദേഹത്തിന് അത്തരമൊരു ഭീഷണി ലഭിച്ചതായി അടുപ്പമുള്ളവർ പറയുന്നു. അതിന് പിന്നാലെ ബാബാ സിദ്ദിഖിന് ‘വൈ’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
2024 ഫെബ്രുവരിയിലാണ് 48 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബാബാ സിദ്ദിഖി എൻസിപിയിലെത്തിയത്. ബാന്ദ്ര വെസ്റ്റിൽനിന്ന് മൂന്നുതവണ എംഎൽഎയായ അദ്ദേഹം, ഭക്ഷ്യ-തൊഴിൽ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു. പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനായ അദ്ദേഹം ബോളിവുഡുമായുള്ള ശക്തമായ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.