KeralaTop News

‘SFIO നടപടിയിൽ പുതുമയില്ല; ആരോപണങ്ങൾ തെറ്റെന്ന് തെളിഞ്ഞു’; മന്ത്രി മുഹമ്മദ് റിയാസ്

Spread the love

മാസപ്പടി കേസിൽ വീണ വിജയന്റെ മൊഴിയെടുത്ത സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ നടപടിയിൽ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാർട്ടിയുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. പ്രതിപക്ഷ ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. CPIM – ബിജെപി കോംപ്രമൈസ് എന്ന് പ്രചരിപ്പിച്ചവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത് എന്നും മന്ത്രി ചോദിച്ചു.

വിഷയത്തിൽ പാർട്ടി പറഞ്ഞതിൽ അപ്പുറം ഒന്നും പറയാനില്ല. താൻ ഓടി ഒളിച്ചു എന്ന് പറയാതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ മറുപടി നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചെന്നൈയിലെ ഓഫീസിലാണ് വീണയുടെ മൊഴിയെടുത്തത്. ബുധനാഴ്ചയാണ് വീണയുടെ മൊഴി എസ്എഫ്ഐഒ രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ അന്വേഷണം ഏറ്റെടുത്ത് മാസങ്ങൾക്കിപ്പുറമാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇത് രണ്ടാം തവണയാണ് വീണയെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

എസ്എഫ്‌ഐഒ അന്വേഷണം ഈ മാസം അവസാനിരിക്കെയാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്. 8 മാസമായിരുന്നു അന്വേഷണത്തിന്റെ സമയപരിധി. അന്വേഷണ റിപ്പോർട്ട് ഭാഗികമായി തയ്യാറായതായാണ് സൂചന. എസ് എഫ് ഐ ഒ അന്വേഷണം നിയമവിരുദ്ധമാണെന്ന സിഎംആർഎല്ലിന്റെ ഹർജി ഡൽഹി ഹൈക്കോടതിയിലുണ്ട്. ഇതിൽ തീരുമാനമാകും വരെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോടതി സ്റ്റേ ഏർപ്പെടുത്തിയിരുന്നു. നവംബർ 12 വരെയാണ് സ്റ്റേ. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കന്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്നത്.