മാസപ്പടി കേസിൽ നിർണായക നടപടി, മുഖ്യമന്ത്രിയുടെ മകളുടെ മൊഴിയെടുത്തു
തിരുവനന്തപുരം : കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടി വാങ്ങിയെന്ന കേസിൽ നിർണായക നീക്കം. എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം) മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണാ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി പണ ഇടപാട് നടത്തിയെന്നാണ് കേസ്.
കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (sfio) ഏറ്റെടുത്തത്. വീണയ്ക്കെതിരായ മാസപ്പടി കേസിൽ, സിഎംആർഎല്ലിൽ നിന്നും കെഎസ്ഐഡിസിയിൽ നിന്നും നേരത്തെ എസ് എഫ് ഐ ഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. വീണയുടെ കമ്പനിയായ എക്സാലോജിക്കും കെഎസ്ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിഎംആർഎൽ ആർക്കൊക്കെ പണം, എന്തിനൊക്കെ പണം നൽകിയെന്നത് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ ഷോൺ ജോർജ്ജിന്റെ പ്രധാന ആവശ്യം.