തൃശൂര്‍ പൂര വിവാദം: റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍
തൃശൂര്‍ പൂരം കലക്കിയത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. വിവരാവകാശ പ്രകാരം ട്വന്റിഫോര്‍ നല്‍കിയ അപേക്ഷയിലാണ് മറുപടി. റിപ്പോര്‍ട്ടിന് രഹസ്യാത്മക സ്വഭാവമെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിശദീകരണം. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ഒഴികെ മറ്റുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടാന്‍ തയാറാകണമെന്ന് വി എസ് സുനില്‍കുമാറും ആവശ്യപ്പെട്ടു.
എഡിജിപിയുടെ കണ്ടെത്തലുകള്‍ പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിന് രഹസ്യ സ്വഭാവമുണ്ടെന്നും ആഭ്യന്തരവകുപ്പ് മറുപടിയില്‍ പറയുന്നു. പൂരം കലക്കിയത് സംബന്ധിച്ച പൊലീസ് അന്വേഷണം നടന്നിട്ടുണ്ടോ, ആരാണ് അന്വേഷണ ഉദ്യോഗസ്ഥന്‍, പൂരം തടസ്സപ്പെടുത്തിയതിന് പിന്നില്‍ കുറ്റക്കാരെ കണ്ടെത്തിയിട്ടുണ്ടോ തുടങ്ങി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉള്‍പ്പെടെ അഞ്ച് ചോദ്യങ്ങള്‍ ആയിരുന്നു വിവരാവകാശ പ്രകാരം ഉന്നയിച്ചത്.
മുഖ്യമന്ത്രി ത്രിതല അന്വേഷണം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഒരു ചോദ്യത്തിനും മറുപടി നല്‍കാനാകില്ലെന്നാണ് വിചിത്ര മറുപടി. എന്നാല്‍ ജനങ്ങള്‍ക്ക് അറിയാനുള്ള കാര്യമാണ് ചോദിച്ചതെന്ന് രഹസ്യ സ്വഭാവമുള്ള ഒഴിച്ച് ബാക്കി വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകണമെന്ന് വി എസ് സുനില്‍കുമാറും ആവശ്യപ്പെട്ടു.വി എസ് സുനില്‍കുമാര്‍ നല്‍കിയ വിവരാകാശത്തിനും സമാന മറുപടി ലഭിച്ചത്. ഇതോടെ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ് വി എസ് സുനില്‍കുമാര്‍.