SportsTop News

ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ ആരാണ് CEO? സി.എ.ജി. റിപ്പോർട്ട് പുറത്തുവന്നത് എന്തിൻ്റെ സൂചന

Spread the love

ഇന്ത്യൻ ഒളിംപിക് അസോസിയേഷനിൽ ആരാണ് സി.ഇ.ഒ.? പി.ടി.ഉഷ പിന്തുണയ്ക്കുന്ന രഘുറാം അയ്യരോ? 15 അംഗ എക്സിക്യൂട്ടീവ് കൗൺസിലിൽ 12 പേർ പരസ്യമായി പിന്തുണയ്ക്കുന്ന കല്യാൺ ചൗബേയാ? ഇതിന് ഉത്തരം കിട്ടിയാലേ ഒക്ടോബർ 25 ന് നിശ്ചയിച്ചിരിക്കുന്ന പ്രത്യേക പൊതു യോഗത്തിലെ അജൻഡയിൽ ഏത് അംഗീകരിക്കണമെന്ന് വ്യക്തമാകൂ. പ്രതിമാസം 20 ലക്ഷം രൂപ ശമ്പളത്തിൽ (ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിവർഷം മൂന്നു കോടി രൂപ) ജനുവരിയിൽ നിയമിക്കപ്പെട്ട രഘുറാം അയ്യരെ അംഗീകരിക്കുകയാണ് ഉഷ വിളിച്ച യോഗത്തിലെ പ്രധാന ഇനം. സെപ്റ്റംബർ 26 ന് ചേർന്ന എക്സിക്യൂട്ടീവ് കൗൺസിലിൽ തീരുമാനമാകാതെ പോയ കാര്യം. ചൗബേ അജൻഡയിൽ ഇരുപത്തിയാറാം ഇനമായി ഉൾപ്പെടുത്തിയിരിക്കുന്നത് ഉഷയ്ക്കെതിരായ അവിശ്വാസ പ്രമേയമാണ്.

നാലിൽ മൂന്ന് അംഗങ്ങളുടെ സാന്നിധ്യം ഉണ്ടായാലും തർക്കത്തിൽ കിടക്കുന്ന ആറ് ഫെഡറേഷനുകളിലെ പ്രതിനിധികളുടെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടും. സി.ഇ.ഒ. നിയമനത്തിൽ തുടങ്ങിയ തർക്കത്തിനിടയിലേക്ക് മറ്റു ചില പ്രശ്നങ്ങൾ കൂടി കടന്നു വന്നു. സ്പോൺസർഷിപ്പ് കരാറിൽ ഐ.ഒ.എയ്ക്ക് 24 കോടി രൂപ നഷ്ടമായെന്ന സി.എ.ജി യുടെ കണ്ടെത്തൽ. ഒളിംപിക് സോളിഡാരിറ്റി ഗ്രാൻ്റ് (കഴിഞ്ഞ വർഷങ്ങളിൽ കിട്ടിയത് 8.5 കോടി രൂപ വീതം) തടഞ്ഞു കൊണ്ടുള്ള ഐ.ഒ.സി. എക്സിക്യൂട്ടീവ് ബോർഡിൻ്റെ തീരുമാനം.

അയോഗ്യത കല്പിച്ച് അഞ്ച് എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് ഉഷ നോട്ടീസ് നൽകിയപ്പോൾ ഉഷയ്ക്ക് യോഗ്യതയില്ലെന്ന് വെല്ലുവിളിച്ചാണ് രാജലക്ഷ്മി സിങ് ദേവ് മറുപടി നൽകിയത്. ഉഷയെ നാമനിർദേശം ചെയ്തതും സെക്കൻഡ് ചെയ്തതും ജനറൽ ബോഡി അംഗീകരിച്ചിട്ടില്ലെന്നാണ് രാജലക്ഷ്മിയുടെ വാദം. ഇവിടെ ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഭരണാധികാരിയാണ് രാജലക്ഷ്മിയെന്നത് ശ്രദ്ധേയം.

ഇതിലേറെ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഐ.ഒ.സി. ബോർഡ് തീരുമാനം ഉഷയെ മാത്രമല്ല എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളെയും അറിയിച്ചു. മാത്രമല്ല, ഇതു സംബന്ധിച്ച കത്തിൽ റെസിപ്രോക്കൽ അലഗേഷൻസ് എന്നൊരു വാക്കുണ്ട്. സി.ഇ.ഒ. നിയമനം സം‌ബന്ധിച്ചു നൽകിയ രണ്ടു പരസ്യങ്ങളിലും ആറു മാസം പ്രൊബേഷൻ, പിന്നെ പ്രകടനം വിലയിരുത്തി ഒരു വർഷ നിയമനം എന്നു പറഞ്ഞതിൽ ഒപ്പിട്ടത് ആരെന്നത് പ്രസക്തമാണ്. സർക്കാർ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് കരുതിയാൽ അത് ഒളിംപിക് ചാർട്ടറിൻ്റെ ലംഘനമാണ്. സസ്പെൻഷൻ ക്ഷണിച്ചു വരുത്തും?

ഇതിനിടെ എനിക്ക് തോന്നിയൊരു സംശയം ചോദിക്കട്ടെ . സി.എ.ജി.റിപ്പോർട്ട് ഈ അവസരത്തിൽ പുറത്തുവന്നത് എന്തിൻ്റെ സൂചനയാണ്.
ഐ.ഒ.എയിൽ പ്രസിഡന്റും സെക്രട്ടറി ജനറലും പലപ്പോഴും രണ്ടു ചേരിയിൽ വന്നിട്ടുണ്ട്. പക്ഷേ, രണ്ടു പേർക്കും ഒപ്പം ആളുണ്ടായിരുന്നു. സെക്രട്ടറി ജനറൽ പ്രതിഫലം കൂടാതെ ചെയ്ത ജോലിക്കാണ് വർഷം മൂന്നു കോടി ചെലവിൽ സി.ഇ.ഒ.യെ നിയമിച്ചത്.

ഒരു കാര്യം കൂടി പറയട്ടെ. ഹരിയാനയിലെ ജുലാനയിൽ വിനേഷ് ഫോഗട്ട് നിസാര വോട്ടിനാണു ജയിച്ചതെന്നു പറഞ്ഞ് ഒരു മലയാളം ടിവി ചാനലിൽ ചിലർ വിനേഷിനെ കളിയാക്കിയതായി കേട്ടു. അവിടെ കോൺഗ്രസും സി.പി.എമ്മും മാത്രമാണ് വിനേഷിനെ പിന്തുണച്ചത്. മറ്റുള്ളവരെല്ലാം എതിർത്തു. സി.പി.ഐ.പോലും പിന്തുണച്ചില്ലെന്നാണ് കേട്ടത്. തീർത്തും പ്രതികൂല സാഹചര്യത്തിൽ മത്സരിച്ച വിനേഷ് 6015 വോട്ടിന് ജയിച്ചത് കുറച്ചു കാണരുത്.