NationalTop News

മഹാരാഷ്ട്രയെ നടുക്കി ബാബാ സിദ്ദിഖിയുടെ കൊലപാതകം; പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പൊലീസ്

Spread the love

മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. 15 ദിവസങ്ങൾക്ക് മുമ്പ് ബാബാ സിദ്ദിഖിക്ക് വധഭീഷണി ലഭിച്ചിരുന്നു. ലോറൻസ് ബിഷ്ണോയി ഉൾപ്പെടെയുള്ള ഗുണ്ടാസംഘങ്ങൾ സംശയനിഴലിലാണ്. ബാന്ദ്രാ ഈസ്റ്റിൽ മകനും എംഎൽഎയുമായ സീഷന്റെ ഓഫീസിനടുത്ത് ഇന്നലെയാണ് സംഭവം.

വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ പടക്കം പൊട്ടിക്കുന്നതിടെയാണ് വെടിവയ്പ് ഉണ്ടായത്. നാല് റൗണ്ട് വെടിയുതിർത്തു. നെഞ്ചിൽ വെടിയേറ്റ ബാബാ സിദ്ധിഖിയെ ഉടൻ ലീലാ വതി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ബാബാ സിദ്ധിഖി ഈ വർഷം ആദ്യമാണ് 48 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് എൻസിപി അജിത് പവാർ പക്ഷത്ത് ചേർന്നത്.

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ അടക്കം ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന നേതാവാണ് ബാബാ സിദ്ദിഖി. അക്രമി സംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഒരാൾ ഉത്തർപ്രദേശിൽ നിന്നും മറ്റൊരാൾ ഹരിയാനയിൽ നിന്നുമാണ്. മൂന്നാമൻ ഒളിവിൽ എന്നും ഉടൻ പിടിയിലാകും എന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽ നിന്ന് 1999 മുതൽ തുടർച്ചയായി മൂന്നു തവണ എംഎൽഎയായിട്ടുണ്ട്. ഭക്ഷ്യ, സിവിൽ സപ്ലൈസ്, തൊഴിൽ, സഹമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ബാന്ദ്ര ഈസ്റ്റിൽ നിന്നുള്ള എംഎൽഎയാണ്.അദ്ദേഹത്തിന്റെ മകൻ സീഷൻ സിദ്ദിഖിനെ ഓഗസ്റ്റിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു.