സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ വീണ്ടും ഹാജരായി
യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. തിരുവനന്തപുരം കന്റോൻമെന്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫും ഇവിടെ എത്തിയിട്ടുണ്ട്.
സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം നേടിയതിനുശേഷം കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സിദ്ദിഖിനെ വിട്ടയച്ചത്. എന്നാല്‍, പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതിനാല്‍ പ്രാഥമിക വിവരങ്ങൾ മാത്രം ശേഖരിച്ച് വിട്ടയക്കുകയാണ് ഉണ്ടായത്. കേസിനടിസ്ഥാനമായ ഡിജിറ്റൽ രേഖകൾ കൈയിലുണ്ടെന്നും അത് ഇന്ന് ഹാജരാകണമെന്നും സിദ്ദിഖ് അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു അതിന്റെ ഭാഗമായിട്ടാണ് ഇന്ന് നടക്കുന്ന ചോദ്യംചെയ്യൽ.
സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ അന്വേഷണസംഘത്തിന് കസ്റ്റഡിയില്‍ വെക്കാന്‍ ആവശ്യപ്പെടാനാകില്ല. അതിനാല്‍ വിചാരണക്കോടതി ജാമ്യം നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്.
തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യത്തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ദിഖ് ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു.