ഹരിയാനയിൽ നയാബ് സിങ് സൈനിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച
നയാബ് സിങ് സൈനി ഒക്ടോബർ 17ന് ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പഞ്ച്കുലയിൽ രാവിലെ 10 മണിക്ക് സെക്ടർ 5 ലെ ദസറ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപിയിലെ മുതിർന്ന നേതാക്കളും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. 90 അംഗ നിയമസഭയിൽ 48 എംഎൽഎമാരുമായി ഹരിയാനയിൽ ബിജെപി തുടർച്ചയായ മൂന്നാം തവണയാണ് സർക്കാർ രൂപീകരിക്കുന്നത്. തിരഞ്ഞെടുപ്പിൽ 37 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചിരുന്നത്.
സൈനിയുടെ നേതൃത്വത്തെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ സംശയമില്ല. പ്രധാനമന്ത്രി മോദിയും അമിത് ഷായും തങ്ങളുടെ റാലികളിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരസ്യമായി അംഗീകരിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രിയും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, പുതുമുഖങ്ങളെ കൊണ്ടുവരാൻ പാർട്ടി ആലോചിക്കുന്നതിനിടയിൽ തന്നെ ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. മുൻ സെയ്നി സർക്കാരിലെ പത്തിൽ എട്ടു മന്ത്രിമാരും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണിത്. പുതിയ ഹരിയാന മന്ത്രിസഭയിൽ അനിൽ വിജ്, കൃഷൻ ലാൽ മിധ, ശ്രുതി ചൗധരി (അന്തരിച്ച ബൻസി ലാലിൻ്റെ ചെറുമകൾ), അരവിന്ദ് കുമാർ ശർമ്മ, വിപുൽ ഗോയൽ, നിഖിൽ മദൻ എന്നിവരും ഉൾപ്പെട്ടേക്കുമെന്ന് സൂചനകളുണ്ട്. സംസ്ഥാനത്തെ മൂന്ന് സ്വതന്ത്ര എംഎൽഎമാരായ ദേവേന്ദർ കദ്യാൻ, രാജേഷ് ജൂൺ, സാവിത്രി ജിൻഡാൽ എന്നിവരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.