SportsTop News

ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ടി20 ഇന്ന്; പരമ്പര തൂത്തുവാരാനൊരുങ്ങി ഇന്ത്യന്‍ യുവസംഘം

Spread the love

രണ്ട് മത്സരങ്ങളിലും അനായാസം വിജയം വരിച്ച ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ മൂന്നാംമത്സരവും കൂടി വിജയിച്ച് പരമ്പര തൂത്തൂവാരുകയെന്ന ലക്ഷ്യത്തോടെയായിരിക്കും സൂര്യകുമാറും സംഘവും ഇന്ന് രാത്രി ഏഴിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇറങ്ങുക. ആദ്യമത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 86 റണ്‍സിനുമാണ് ടീം ഇന്ത്യ ബംഗ്ലാദേശ് സംഘത്തെ പിന്നിലാക്കിയത്. നിരവധി പുതുമുഖതാരങ്ങളുള്ള ടീമായിട്ടും പോലും ഇന്ത്യയുടെ മേല്‍ ഒരുതരത്തിലുള്ള വെല്ലുവിളി ഉയര്‍ത്താനും ബംഗ്ലാദേശിന് രണ്ട് മത്സരങ്ങളിലും കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ മത്സരത്തില്‍ നിതീഷ്‌കുമാര്‍ റെഡ്ഡി തന്റെ അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. മലായാളി താരം സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ്മ തുടങ്ങിയവരെല്ലാം തന്നെ തുടക്കത്തിലെ ക്രീസ് വിട്ടപ്പോള്‍ ബംഗ്ലാദേശ് ബോളര്‍മാരെ കണക്കിന് പെരുമാറി സ്‌കോര്‍ ഉയര്‍ത്തിയത് റിങ്കു സിങും നിതീഷ്‌കുമാര്‍ റെഡ്ഡിയുമായിരുന്നു. ഇരുവരും അര്‍ധസെഞ്ച്വറിയടിക്കുകയും ചെയ്തു. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് ഏറെ പരിചയമുള്ള ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയും മികച്ച ഫോമില്‍ ആണ് എന്നുള്ളതാണ് ഇന്ത്യയുടെ ആത്മവിശ്വാസം. അര്‍ഷദീപ് സിങിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റവും മികച്ച രീതിയിലാണ് പന്തെറിയുന്നത്.