ഗവർണർക്കെതിരെ പോർമുഖം തുറന്ന് സിപിഐഎം; പരിഹസിച്ച് പ്രതിപക്ഷം
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പോർമുഖം തുറന്ന് സിപിഐഎം. സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറെ വെല്ലുവിളിച്ചും സ്റ്റെപ്പിനി ഗവർണർ എന്ന് പരിഹസിച്ചുമാണ് സിപിഐഎം നേതാക്കൾ മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി കളത്തിലിറങ്ങിയത്. സ്വർണക്കടത്തിലെ ദേശവിരുദ്ധ വിവാദത്തിൽ മുഖ്യമന്ത്രിക്ക് എതിരെ ഉടൻ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനാണ് ഗവർണറുടെ നീക്കം. സർക്കാർ-ഗവർണർ പോര് രക്ഷാപ്രവർത്തനമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പരിഹാസം.
സ്വർണക്കടത്തിലെ ദേശവിരുദ്ധ വിവാദത്തിൽ കൃത്യമായ വിശദീകരണം നല്‍കണമെന്ന കടുത്ത നിലപാടിലാണ് ഗവർണർ. ഇക്കാര്യത്തിൽ ഇനിയൊരു സംവാദത്തിനില്ലെന്ന് ഗവർണർക്കയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എങ്കിലും മുഖ്യമന്ത്രിയെ വിടാൻ ഗവർണർ ഒരുക്കമല്ല. ഈ ഘട്ടത്തിലാണ് സിപിഐഎം ഗവർണർക്കെതിരെ കളത്തിലിറങ്ങുന്നത്. ഗവർണർക്ക് പിന്നിൽ ആർഎസ്എല് എന്ന രാഷ്ട്രീയപ്രതിരോധം.
സർക്കാരിനെ പിരിച്ചുവിടാൻ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഗവർണറെ വെല്ലുവിളിച്ചു. സ്റ്റെപ്പിനി ഗവർണർ എന്ന് പരിഹാസം. കെയർ ടേക്കർ ഗവർണർ എന്നായിരുന്നു ഇന്നലെ സിപിഐഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം വി ഗോവിന്ദന്റെ പരിഹാസം. ഗവർണർ വായടച്ച് മര്യാദയ്ക്ക് ഇരുന്നാൽ മതിയെന്നും മന്ത്രി വി ശിവൻകുട്ടി. ഗവർണറുടേത് തറവേല എന്നായിരുന്നു എം.വി ജയരാജന്റെ പ്രതികരണം.
സർക്കാർ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിൽ പോര് മുറുകുന്നത് പതിവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. അതേസമയം ഗവർണർക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. വിഷയത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഗവർണറുടെ നീക്കം. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കേന്ദ്ര സര്‍വീസ് ചട്ട പ്രകാരമുള്ള നടപടിക്കാണ് നീക്കം.