ചെന്നൈയില്‍ ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു; ഗുഡ്‌സ് ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു
ചെന്നൈ കവരപേട്ടയില്‍ ട്രെയിന്‍ അപകടം. ദര്‍ബാംഗ-മൈസൂരു എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എക്‌സ്പ്രസ് ട്രെയിനിലെ മുഴുവന്‍ യാത്രക്കാരേയും പുറത്തേക്ക് എത്തിക്കാനും ഗുഡ്‌സ് ട്രെയിനിലെ തീയണയ്ക്കാനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഒരേ ട്രാക്കില്‍ വന്നതാണ് അപകടമുണ്ടാക്കിയത്. അഗ്നിശമന സേന ഉള്‍പ്പെടെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തിരുവള്ളൂര്‍ ജില്ലാ കളക്ടര്‍ ടി പ്രഭുശങ്കര്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അറിയിച്ചു.
ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിന്‍ വന്ന് ഇടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പിഴവ് എങ്ങനെ സംഭവിച്ചു എന്നതിന്റെ വിശദവിവരങ്ങള്‍ അറിവായിട്ടില്ല.