Monday, November 18, 2024
Latest:
Top NewsWorld

50 വര്‍ഷത്തിനിടയില്‍ 73 ശതമാനത്തിലേക്ക് ചുരുങ്ങി ലോക വന്യജീവി സമ്പത്ത്

Spread the love

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ലോകത്തെ വന്യജീവിസമ്പത്ത് 73 ശതമാനത്തിലേക്ക് ചുരുങ്ങിയതായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് പുറത്തുവന്ന കണക്കില്‍ ഇത് 69 ശതമാനം ആയിരുന്നു. എന്നാല്‍ ഇതില്‍ ഗണ്യമായ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഉഷ്ണമേഖലാ വനങ്ങളിലെ ആനകള്‍ മുതല്‍ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്നുള്ള പരുന്ത്, ആമ തുടങ്ങിയവയുടെ വരെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍. ആമസോണിലെ പിങ്ക് ഡോള്‍ഫിനുകള്‍ മലിനീകരണവും ഖനനവും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വംശനാശ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ടില്‍ കാണാം .അയ്യായിരത്തിലധികം പക്ഷികള്‍, സസ്തനികള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവയുടെ ലിവിംഗ് പ്ലാനറ്റ് ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയാണ് WWF റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ജീവജാലനങ്ങളുടെ എണ്ണത്തില്‍ കൂടുതല്‍ കുറവ് ലാറ്റിന്‍ അമേരിക്കയിലും കരീബിയയിലുമാണ്. ഇവിടെ 95 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കയില്‍ 76 ശതമാനവും ഏഷ്യ-പെസഫിക് മേഖലയില്‍ 60 ശതമാനവുമാണ് കുറവ്. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭേദപ്പെട്ട കണക്കുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യ ഇടപെല്‍ വന്യജീവി ആവാസവ്യവസ്ഥകളില്‍ അടിയന്തരമായി കുറയ്ക്കണമെന്നും ജൈവവൈവിധ്യം സംരക്ഷിക്കാന്‍ അടിയന്തര നടപടിവേണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആവാസവ്യവസ്ഥയിലുണ്ടായ മാറ്റം, അമിതമായ ചൂഷണം, അധിനിവേശ ജീവിവര്‍ഗ്ഗങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം തുടങ്ങിയവ വന്യജീവികള്‍ക്ക് ഭീഷണിയായി മാറുന്നുവെന്നും, കൂടാതെ ആമസോണ്‍ മഴക്കാടുകളുടെ തകര്‍ച്ചയും, ഏഷ്യ-പസഫിക് മേഖലയിലെ മലിനീകരണവും ജൈവവിധ്യത്തിന് വലിയ ഭീഷണിയാകുന്നതായി കണക്കുകള്‍ കാണിക്കുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ മനുഷ്യരാശിക്കും ഭാവി തലമുറയ്ക്കും തന്നെ ഭീഷണിയാണെന്നും, എത്രയും വേഗം ഇതിന് പരിഹാരം കാണേണ്ടതുണ്ടെന്നും സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടനിലെ ഗവേഷകന്‍ വാലന്റീന മാര്‍ക്കോണി അഭിപ്രായപ്പെട്ടു.