KeralaTop News

‘ചരടും കുറിയുമുള്ള ജീവനക്കാരോട് സര്‍ക്കാരിന് പ്രതികാരമനോഭാവം’: വി.മുരളീധരൻ

Spread the love

സംസ്ഥാന സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ ചോദ്യം ചെയ്യുന്ന ജീവനക്കാർ പ്രതികാര നടപടി നേരിടേണ്ടി വരുന്നെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയമോ, മതവിശ്വാസമോ പുറത്തുപറയാൻ ഹിന്ദുക്കളായ തൊഴിലാളികൾ ഭയപ്പെടുന്ന സാഹചര്യമാണ് ഇടതുഭരണത്തിന് കീഴിലുള്ളത്.കയ്യില്‍ ചരടോ നെറ്റിയില്‍ കുറിയോ ഉള്ളവരോട് സര്‍ക്കാര്‍ പ്രതികാര മനോഭാവം സ്വീകരിക്കുന്നുവെന്നും മുന്‍കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് സംഘ് മുപ്പത്തിയെട്ടാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ ജീവനക്കാരും പെൻഷൻകാരും സമാനതകളില്ലാത്ത വഞ്ചന നേരിടുന്നു. തൊഴിലാളി വിരുദ്ധ നയങ്ങളെ ചോദ്യം ചെയ്യുന്ന എംപ്ലോയീസ് സംഘ് ജീവനക്കാരുൾപ്പെടെയുള്ളവരെ വിദൂര സ്ഥലങ്ങളിലേയ്ക്ക് സ്ഥലം മാറ്റുന്നു. ജീവനക്കാർക്കൊപ്പം നിൽക്കേണ്ട കേരള അഡ്മിനിസ്ട്രേട്ടീവ് ട്രൈബുണൽ സർക്കാരിന്‍റെ ദാസ്യപ്പണിയെടുക്കുന്നുവെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി.

ശബരിമല തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ അമിത നിയന്ത്രണം അംഗീകരിക്കാനാകില്ലെന്ന് വി.മുരളീധരൻ പറഞ്ഞു. നിയന്ത്രണമല്ല, നിർബാധം ഭക്തർക്ക് ദര്‍ശനത്തിനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. കോടികളുടെ കാണിക്ക വരുമാനമായി നേടുന്ന സര്‍ക്കാരിന് ഭക്തര്‍ക്ക് സൗകര്യമൊരുക്കേണ്ട ഉത്തരവാദിത്തമുണ്ട്. അനവധി തീർത്ഥാടകരെത്തുന്ന തിരുപ്പതിപോലെയുള്ള ക്ഷേത്രങ്ങളിൽ പോലും ഇത്ര നിയന്ത്രണങ്ങളില്ല. വിശ്വാസത്തെ തകർക്കാർ കമ്യൂണിസ്റ്റ് സർക്കാർ തുനിഞ്ഞിറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.