പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്ന് പിവി അന്‍വര്‍
പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചേക്കുമെന്ന് പിവി അന്‍വര്‍. നല്ല സ്ഥാനാര്‍ഥികളെ കിട്ടിയാല്‍ രണ്ടു മണ്ഡലങ്ങളിലും മത്സരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചേലക്കരയിലും പാലക്കാടും അഡ്ജസ്റ്റ്‌മെന്റ് എന്നാ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. താന്‍ വായില്‍ തോന്നുന്നത് പറയുന്നവന്‍ ആണോ എന്ന് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും. ചേലക്കരയിലും ഇത്തവണ തോല്‍ക്കും. പാലക്കാടും സിപിഐഎം സ്ഥാനാര്‍ഥി തോല്‍ക്കും – പിവി അന്‍വര്‍ വ്യക്തമാക്കി.
ഡിഎംകെയുടെ ജില്ലാ കമ്മറ്റി ഉണ്ടാക്കുന്നതിന്റെ പ്രാഥമിക ചര്‍ച്ചക്കായാണ് പിവി അന്‍വര്‍ പാലക്കാടെത്തിയത്. തന്നോട് അനുഭാവം പ്രകടിപ്പിച്ച് രംഗത്തെത്തിയവരോട് അദ്ദേഹം കൂടിയാലോചന നടത്തും. ഈ കൂടിയാലോചനയിലൂടെ മികച്ച സ്ഥാനാര്‍ത്ഥികളെ കിട്ടുകയാണെങ്കില്‍ പാലക്കാടും ചേലക്കരയിലും മത്സരത്തിന് നിര്‍ത്തുമെന്നാണ് പിവി അന്‍വര്‍ പറയുന്നത്. ഗൗരവത്തില്‍ പാലക്കാടും ചേലക്കരയും കാണുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് രംഗത്ത് ഡിഎംകെ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. നേതാക്കളുടെ പിന്നാലെ പോകുന്ന പ്രശ്‌നമേയില്ല. നേതാക്കളെ നേതാക്കള്‍ ആകുന്നത് ഈ നാട്ടിലെ ജനങ്ങള്‍ ആണ് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി മുഹമ്മദ് റിയാസിന് എതിരെയും അന്‍വര്‍ വിമര്‍ശനം ഉന്നയിച്ചു. യോഗത്തിന് ഹാളിന് അനുമതി നിഷേധിച്ചത് മന്ത്രി നേരിട്ട് ഇടപെട്ട്. അങ്ങനെ ഹാള്‍ നിഷേധിച്ചാല്‍ ഒന്നും ഈ മൂവ്‌മെന്റിനെ തകര്‍ക്കാന്‍ കഴിയില്ല – അദ്ദേഹം പറഞ്ഞു.