രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് ബ്രിഡ്ജ്; പുതിയ പാമ്പൻ പാലം ഈ മാസം ഉദ്ഘാടനം ചെയ്യും
മധ്യഭാഗം മുഴുവനായും മുകളിലേക്ക് ഉയർത്താൻ കഴിയുന്ന പുതിയ പാമ്പൻ പാലം ഈ മാസം ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് ബ്രിഡ്ജാണിത്. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ പാമ്പൻ പാലം ഒരു വിസ്മയക്കാഴ്ചയാണ്.
1914 ൽ നിർമിച്ച പാലം കരുത്തിന്റെ പര്യായമാണ്. തമിഴ്നാട്ടിലെ മണ്ഡപത്തേയും രാമേശ്വരത്തേയും ബന്ധിപ്പിച്ചുകൊണ്ട് തീവണ്ടി ചൂളമിട്ടുപാഞ്ഞിരുന്ന പാലം. ഒരുകാലത്ത് ധനുഷ്കോടി വരെ ആളുകളെ എത്തിച്ചിരുന്ന പാലമാണിത്. 2022ൽ പാലം താത്കാലികമായി അടച്ചു. പുതിയ പാലത്തിന്റെ പണിയും തുടങ്ങി. 22 മാസത്തിനിപ്പുറം പാമ്പൻ പാലം വീണ്ടും തുറക്കാൻ പോവുകയാണ്.
പാലത്തിന്റെ നടുവിൽ വെർട്ടിക്കൽ ലിഫ്റ്റിങ് സംവിധാനം. ട്രെയിൻ പോകുമ്പോൾ പാലം സാധാരണ ഗതിയിലായിരിക്കും. എന്നാൽ കപ്പലുകളും ബോട്ടുകളും വരുമ്പോൾ പാലത്തിന്റെ മധ്യഭാഗം കുത്തനെ ഉയർത്താം. പാലത്തിന്റെ നടുവിലെ 72.5 മീറ്ററാണ് ഉയർത്താനാവുക. 22 മീറ്റർ വരെ ഉയരമുള്ള കപ്പലുകൾക്ക് പാലത്തിനടിയിലൂടെ കടന്നു പോകാനാകും.
18.3 മീറ്റർ ഇടവിട്ടുള്ള 100 തൂണുകളും നടുവിലായി 63 മീറ്ററുള്ള നാവിഗേഷൻ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. ഇന്ത്യൻ റെയിൽവേയുടെ എൻജിനിയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡ് 535 കോടി രൂപ ചെലവിലാണ് പാലം പണിതിരിക്കുന്നത്. ഈ മാസം തന്നെ പ്രധാനമന്ത്രി പാലം ഉദ്ഘാടനം ചെയ്യും.