അവിടെ 600 ഓളം ഇന്ത്യൻ ജവാന്മാരുണ്ട്, അവരുടെ സുരക്ഷ എല്ലാവരുടെയും ബാധ്യത: ഇസ്രയേലിനോട് ആശങ്കയറിയിച്ച് ഇന്ത്യ
യുഎൻ സമാധാന സേനയ്ക്ക് എതിരായ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ലെബനനിൽ യുഎൻ സേനയുടെ ഭാഗമായി 600 ഓളം ഇന്ത്യൻ സൈനികർ പ്രവർത്തിക്കുന്നുണ്ട്. ഇസ്രയേൽ ലെബനൻ അതിർത്തിയിൽ ബ്ലൂ ലൈൻ എന്നറിയപ്പെടുന്ന 120 കിലോമീറ്റർ ദൂരത്തിലാണ് ഇവർ നിലയുറപ്പിച്ചിരിക്കുന്നത്.
മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതായും യുഎൻ സേനാംഗങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത എല്ലാവർക്കും ഉണ്ടെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു. ലെബനനിലെ നഖോറയിലെ യുഎൻ ഇൻ്ററിം ഫോർസ് ആസ്ഥാനത്താണ് ഇസ്രയേൽ ആക്രമണം ഉണ്ടായത്. രണ്ട് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഹിസ്ബുല്ല തലവനായിരുന്ന ഹസ്സൻ നസ്രള്ളയെ ഇസ്രയേൽ കൊലപ്പെടുത്തിയതിന് പിന്നാലെ അതിർത്തി കലുഷിതമായിരുന്നു.