KeralaTop News

മുഖ്യമന്ത്രി എന്തൊക്കെയോ ഒളിക്കുന്നു, തനിക്ക് തന്ന കത്തിലും സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരായ കുറ്റകൃത്യമെന്ന് പറയുന്നു: ഗവര്‍ണര്‍

Spread the love

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലൂന്നി വീണ്ടും വിമര്‍ശനങ്ങള്‍ തുടര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് മുഖ്യമന്ത്രി തന്ന കത്തില്‍ സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരായ കുറ്റകൃത്യമെന്ന് പറയുന്നുണ്ടെന്നും ഇങ്ങനെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ തന്നെ അറിയിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി എന്തൊക്കെയോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ട്. രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടന്നെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ പശ്ചാത്തലത്തില്‍ ഇത് ഗൗരവതരമായ വിഷയമാണെന്നും ഇത് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചു.

സംസ്ഥാന ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഗവര്‍ണര്‍ ഇന്ന് പരസ്യമായി രാജ്ഭവനില്‍ വിലക്കേര്‍പ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അല്ലാതെ ഉദ്യോഗസ്ഥര്‍ രാജ്ഭവനിലേക്ക് വരേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിരന്തരം രാജ്ഭവനില്‍ വന്നുകൊണ്ടിരുന്നവര്‍ താന്‍ ആവശ്യപ്പെട്ടിട്ടും വരുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ കത്ത് പരസ്യമാക്കിയാണ് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് എന്തോ ഒളിച്ചുവയ്ക്കാനുണ്ട്. കേരളത്തിലെ ക്രമസമാധാനം സാധാരണ നിലയില്‍ അല്ലെന്നും രാഷ്ട്രപതിയെ വിവരങ്ങള്‍ അറിയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ ഗവര്‍ണര്‍ അതൃവപ്തി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി തന്ന കത്ത് പരസ്പര വിരുദ്ധമാണ്. സ്വര്‍ണം കടത്തിയതിലൂടെ നേടിയ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്ന് പറഞ്ഞില്ലെന്ന് വാദിക്കുമ്പോഴും കത്തിലെ രണ്ടാം പേജില്‍ സ്വര്‍ണക്കടത്ത് രാജ്യത്തിനെതിരായ കുറ്റമാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. 27 ദിവസങ്ങളാണ് സര്‍ക്കാര്‍ രാജ്ഭവന്റെ കത്ത് ഗൗനിക്കാതിരുന്നത്. രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അത് രാഷ്ട്രപതിയെ അറിയിക്കേണ്ടത് തന്റെ കടമയല്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചു.