Wednesday, November 20, 2024
KeralaTop News

CPIM സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ഉണ്ടായേക്കും

Spread the love

സർക്കാർ-ഗവർണർ പോരിനിടെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. ഗവർണർ തുടർച്ചയായി വിമർശനങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നാണ് സി.പി.ഐ.എം വിലയിരുത്തൽ. ഗവർണർ സ്ഥാനത്ത് തുടരാൻ വേണ്ടി ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയാണെന്നും സി.പി.ഐ.എം കരുതുന്നുണ്ട്. ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് പാർട്ടി തീരുമാനം.

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളും യോഗത്തിൽ ഉണ്ടായേക്കും. ചേലക്കരയിൽ മുൻ എം.എൽ.എ യു.ആർ പ്രദീപിനെ സ്ഥാനാർത്ഥിയാക്കാനാണ് പാർട്ടിയുടെ ആലോചന. പാലക്കാട് മണ്ഡലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളെ സി.പി.ഐ.എം പരിഗണിക്കുന്നുണ്ട്. ഡി.വൈ.എ.ഫ് നേതാവ് സഫ്ദർ ഷെരീഫും പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് ശ്രമം. കെ മുരളീധരൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ എന്നിവരാണ് കോൺഗ്രസിന്റെ പട്ടികയിലുള്ളത്. ശക്തനായ സ്ഥാനാർത്ഥികളെ മത്സരരം​ഗത്തിറക്കാനാണ് ബിജെപി കോർ കമ്മിറ്റി യോ​ഗത്തിലെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മുന്നിലെത്തിയ ബിജെപി വലിയ പ്രതീക്ഷയിലാണ്.