പരാജയപ്പെടുമ്പോള്‍ ഇവിഎം മെഷീനെ പഴിക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യം’, വിമര്‍ശനവുമായി ബിജെപി
ഹരിയാനയിലെ തോല്‍വിക്ക് പിന്നാലെ ഇവിഎം മെഷീനില്‍ ക്രമക്കേട് ആരോപിച്ച കോണ്‍ഗ്രസിനെതിരെ ബിജെപി. പരാജയപ്പെടുമ്പോള്‍ ഇവിഎം മെഷീനെ പഴിക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്ന് ഹരിയാന ബിജെപി അധ്യക്ഷന്‍ മോഹന്‍ലാല്‍ ബദോലി ട്വന്റി ഫോറിനോട് പറഞ്ഞു.തോല്‍വിയില്‍ ആത്മപരിശോധന അനിവാര്യമാണെന്ന് വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് രംഗത്തെത്തി.
ഹരിയാനയില്‍ തോല്‍വിക്ക് പിന്നാലെ ഇരുപതോളം മണ്ഡലങ്ങളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് കണ്ട് കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസിന്റെ ഈ ആരോപണത്തെയാണ് ബിജെപി രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. ഏതു തെരഞ്ഞെടുപ്പ് നടന്നാലും ഇവിഎം മെഷീനെ പഴിക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്ന് വിമര്‍ശിച്ചു. കര്‍ഷക ഗുസ്തി താരങ്ങളുടെ സമരം ബിജെപിക്കെതിരെയാണെന്നത് കോണ്‍ഗ്രസിന്റെ ആഖ്യാനമാണെന്ന് ഹരിയാന അധ്യക്ഷന്‍ മോഹന്‍ലാല്‍ ബദോലി പറഞ്ഞു.
തോല്‍വിക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് വിമര്‍ശനം ഉന്നയിച്ചു .ജാട്ട് വോട്ടുകളില്‍ മാത്രം പ്രചരണം ഒതുങ്ങി എന്ന വിലയിരുത്തലിനിടയില്‍ സാമൂഹിക സാമുദായിക സമവാക്യം പാലിക്കാതെയാണ് ടിക്കറ്റ് നല്‍കിയതെന്ന് ഉദിത് രാജ് വ്യക്തമാക്കി. അതേസമയം, ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സെയ്‌നിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടന്നേക്കും. ഉപമുഖ്യമന്ത്രിമാരെ ബിജെപി നേതൃത്വം പരിഗണിക്കുമെന്നാണ് വിവരം.