പിറന്നാൾ നിറവിൽ ബിഗ് ബി; അമിതാഭ് ബച്ചന് ഇന്ന് എൺപത്തിരണ്ടാം പിറന്നാൾ
ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപത്തിരണ്ടാം പിറന്നാൾ. ഒരു കാലത്ത് ബോളിവുഡിനെയാകെ ഒറ്റക്ക് ചുമലിലേറ്റിയ പ്രതിഭാസമാണ് ബച്ചൻ. കാലം ചെല്ലുംതോറും സ്വയം മിനുക്കിയെടുത്ത് അഭിനയത്തിന്റെ പുതിയ ഉയരങ്ങൾ തേടുകയാണ് ഇന്ത്യൻ സിനിമയിലെ ബിഗ് ബി.
സമാനതകളില്ലാത്ത താരപ്പകിട്ടുള്ള ഇന്ത്യക്കാരുടെ ബിഗ് ബി. ആറടിയിലേറെ പൊക്കവും ഗാംഭീര്യമുള്ള ശബ്ദവുമായി നായക സങ്കല്പനകൾ തന്നിലേക്കായി മാത്രം മാറ്റിയ സൂപ്പർ സ്റ്റാർ. എഴുപതുകളുടെ പകുതിയോടെ ഹിന്ദി സിനിമയുടെ സ്പന്ദനമായി വളർന്ന പ്രതിഭാസം. മലയാളികളുടെ പ്രിയതാരം മധുവിനൊപ്പം സാഥ് ഹിന്ദുസ്ഥാനിയിലൂടെ അരങ്ങേറിയത് ഇന്ത്യൻ സിനിമാലോകം ഭരിക്കാൻ പോകുന്ന അവതാരമായിരുന്നു. സഞ്ജീർ എന്ന ഹിറ്റ് ചിത്രത്തിലൂടെ വിജയ നായകനായി മാറിയ ബച്ചനിലൂടെയാണ് ബോളിവുഡ് ആഗോള വ്യവസായമായി വളർന്നത്. യാഷ് ചോപ്രയുടെ ദീവാറും രമേശ് സിപ്പിയുടെ ചരിത്ര വിജയമായ ഷോലെയും ബച്ചനെ സൂപ്പർസ്റ്റാർ പദവിയിലേക്കുയർത്തി. ബോളിവുഡിൽ ബച്ചൻ യുഗം ആരംഭിക്കുകയായിരുന്നു.
അനീതിക്കെതിരെ കലഹിക്കുന്ന യുവതയുടെ പ്രതീകമായി, ബച്ചൻ വെള്ളിത്തിരയിൽ തീ പടർത്തി. ആറടിയിലേറെ ഉയരമുള്ള ആ സുമുഖനായ ചെറുപ്പക്കാരനെ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അമർ അക്ബർ ആന്റണി, പർവരിഷ്, ത്രിശൂൽ, മുഖദാർ കാ സിക്കന്തർ, ഡോൺ തുടർച്ചയായ മെഗാഹിറ്റുകളോടെ താരസിംഹാസനത്തിൽ ബച്ചൻ സ്വയം അവരോധിച്ചു. സമകാലികരെ ബഹുദൂരം പിന്നിലാക്കിയ ബച്ചൻ തരംഗത്തിൽ ബോളിവുഡ് ഇളകി മറിഞ്ഞു.
കൂലിയുടെ ചിത്രീകരണത്തിനിടെ അസുഖബാധിതനായ ബച്ചനെ കാണാനെത്തിയ ജനസാഗരം ആരാധനക്കപ്പുറമുള്ള സ്നേഹത്തിന്റെ പരിഭാഷ്യമായിരുന്നു. തുടർന്നുള്ള രാഷ്ട്രീയത്തിലെ പരീക്ഷണം ബച്ചനെ പാർലമെന്റ് അംഗമാക്കി. ബച്ചന്റെ തിരിച്ചു വരവ് ആഘോഷിച്ച ഷെഹൻഷാക്കു ശേഷം പിന്നീട് തുടർ വിജയങ്ങളുണ്ടായില്ല.തൊണ്ണൂറുകളിൽ ഖാൻ ത്രയത്തിന്റെ വരവോടെ താര പ്രഭ കുറഞ്ഞ ബച്ചൻ അഭിനയ സാധ്യതയുള്ള വേഷങ്ങൾ തേടിപ്പിടിച്ചു.
ക്ഷുഭിതനായ യുവാവിന്റെ കുപ്പായം അഴിച്ചു വെച്ച ബച്ചൻ മിനിസ്ക്രീനിലേക്കും ചേക്കേറി. കോൻ ബനേഗാ ക്രോർപതി നിരവധി തലമുറകളെ ബച്ചനിലേക്ക് കൂടുതൽ അടുപ്പിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ പ്രായത്തിനിണങ്ങുന്ന വേഷങ്ങളിൽ ശ്രദ്ധിക്കുന്ന ബച്ചൻ ‘പാ’ പോലുള്ള ചിത്രങ്ങളിലെ അപ്രതീക്ഷിത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു. ഭാഷകൾക്കതീതമായി മലയാളത്തിലും തെലുങ്കിലുമെല്ലാം ബച്ചൻ തന്റെ അഭിനയ ചാതുരി പ്രദർശിപ്പിച്ചു. ഈ വര്ഷം പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ത്രില്ലെർ കൽകിയിലെ വേഷത്തിലൂടെ ബച്ചൻ വിസ്‍മയിപ്പിച്ചു. നാല് ദേശീയ പുരസ്‌കാരങ്ങൾ, പദ്മ പുരസ്‌കാരങ്ങൾ, ദാദ സാഹിബ് ഫാൽക്കെ തുടങ്ങി എണ്ണമറ്റ ബഹുമതികൾ ബച്ചനെ തേടിയെത്തി.