തീ തിന്ന മണിക്കൂറുകള്‍ക്കൊടുവില്‍ തിരുച്ചിറപ്പള്ളിയുടെ ആകാശത്ത് ആശ്വാസം; വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു
സാങ്കേതിക തകരാര്‍ മൂലം തിരുച്ചിറപ്പള്ളിയില്‍ മൂന്ന് മണിക്കൂറിലേറെയായി ആകാശത്ത് ആശങ്ക സൃഷ്ടിച്ചിരുന്ന വിമാനം സുരക്ഷിതമായി ഇപ്പോള്‍ താഴെയിറക്കി. വിമാനം പറത്താനോ താഴെയിറക്കാനോ കഴിയാതെ ഏറെനേരം വട്ടമിച്ച് പറന്ന ശേഷമാണ് വിമാനം ഇപ്പോള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിരിക്കുന്നത്. 141 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റേത് എമര്‍ജന്‍സി ലാന്‍ഡിംഗ് അല്ലെന്നും സാങ്കേതിക തകരാര്‍ മൂലമുണ്ടായ സുരക്ഷിത ലാന്‍ഡിംഗ് ആണെന്നും സിഐഎസ്എഫ് സ്ഥിരീകരിച്ചു. വിമാനത്തിലുള്ള ആര്‍ക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ AXB 613 വിമാനം രണ്ട് മണിക്കൂര്‍ 33 മിനിറ്റ് ആകാശത്ത് വട്ടമിട്ട് പറന്നത്. ഇന്ധനം തീര്‍ക്കാനായിരുന്നു വട്ടമിട്ട് പറക്കലിലൂടെ ലക്ഷ്യം വച്ചത്. വിമാനം 5.40നാണ് പുറപ്പെട്ടത്. ലാന്‍ഡിംഗ് ഗിയര്‍ ഉള്ളിലേക്ക് പോകാത്തതാണ് പ്രശ്‌നം. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ പ്രശ്‌നം തിരിച്ചറിഞ്ഞെങ്കിലും നിറയെ ഇന്ധനവുമായി സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്നത് ഉചിതമല്ലാത്തതിനാല്‍ ഇന്ധനം തീര്‍ക്കാനായി വിമാനം രണ്ട് മണിക്കൂറിലേറെ നേരം വട്ടമിട്ട് പറക്കുകയായിരുന്നു.
വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് അറിഞ്ഞയുടന്‍ തന്നെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം എല്ലാവിധ തയാറെടുപ്പുകളും നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ലാന്‍ഡിംഗിന് മുന്‍പായി 20 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിരുന്നു. സുരക്ഷിത ലാന്‍ഡിംഗിനെ വിമാനത്താവളത്തിലുള്ള മുഴുവന്‍ പേരും നിറഞ്ഞ കൈയടിയോടെയാണ് വരവേറ്റത്. യാത്രക്കാര്‍ക്ക് പോകാനുള്ള പകരം വിമാനം ഉടന്‍ സജ്ജമാക്കുമെന്നാണ് റിപ്പോര്‍ട്ട്.