SportsTop News

പിടി ഉഷക്കെതിരെ അവിശ്വാസ പ്രമേയം, റിലയന്‍സിന് ‘അനാവശ്യമായ ആനുകൂല്യങ്ങള്‍’ നല്‍കിയെന്ന സിഎജി റിപ്പോര്‍ട്ടും ചര്‍ച്ചക്ക്

Spread the love

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷക്കെതിരെ അവിശ്വാസ പ്രമേയം. ഒക്ടോബര്‍ 25 ന് നടക്കുന്ന ഇന്ത്യന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ബോഡി യോഗത്തില്‍ അവിശ്വാസ പ്രമേയം പരിഗണിക്കും. യോഗത്തിന്റെ 26ാമത് അജണ്ടയായാണ് വിശ്വാസപ്രമേയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാ ലംഘനങ്ങളും ഇന്ത്യന്‍ കായികരംഗത്ത് ഹാനികരമായേക്കാവുന്ന നടപടികളും കണക്കിലെടുത്താണ് അവിശ്വാസ പ്രമേയം. റിലയന്‍സിന് ‘അനാവശ്യമായ ആനുകൂല്യങ്ങള്‍’ നല്‍കിയെന്ന CAG റിപ്പോര്‍ട്ടും ചര്‍ച്ചക്ക് വരും.

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ ആദ്യ വനിതാ അധ്യക്ഷയായി പിടി ഉഷ വന്നിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ തന്നെ നിരവധി തവണ മറ്റ് എക്‌സിക്യുട്ടീവ് അംഗങ്ങളും പിടി ഉഷയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാവുന്ന സാഹചര്യം ഉണ്ടായി. ഇതിന്റെ തുടര്‍ച്ചയാണ് അവിശ്വാസ പ്രമേയം. മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചുകൊണ്ട് നേരത്തെ നിരവധി എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്ക് പിടി ഉഷ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഉഷയ്‌ക്കെതിരായ ആരോപണങ്ങള്‍ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളും ഉന്നയിച്ചിരുന്നു.

ഒളിമ്പിക്‌സ് അസോസിയേഷന്റെ അധികാര അവലോകനം, പിടി ഉഷയുടെ കാലത്ത് നടപ്പാക്കിയ സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍ പരിശോധിക്കുക എന്നിവയും അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ, പാരീസ് ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൗസ് നിര്‍മാണത്തില്‍ റിലയന്‍സിന് വിട്ടുവീഴ്ചകള്‍ ചെയ്തുവെന്നും ഇതിലൂടെ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന് 24 കോടിയുടെ നഷ്ടമുണ്ടായെന്നും സിഎജി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍ അവലോകനം ചെയ്യാനുള്ള തീരുമാനം.