കനലായി തിളങ്ങി ഒരു തരി തരിഗാമി, കുല്‍ഗാമില്‍ വീണ്ടും ചെങ്കൊടി പാറി
കുല്‍ഗാമില്‍ കനല്‍ത്തരിയായി മാറി തെക്കന്‍ കശ്മീരില്‍ വീണ്ടും ചെങ്കൊടി പാറിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി. കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന അദ്ദേഹം വിജയിച്ചു. ജമാഅത്ത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി സയ്യര്‍ അഹമ്മദ് റഷിയെയാണ് ഈ 73കാരന്‍ കനല്‍ച്ചൂടില്‍ പൊള്ളിച്ചത്. പി.ഡി.പി സ്ഥാനാര്‍ഥി മുഹമ്മദ് അമീന്‍ ദര്‍ ആണ് മൂന്നാമത്. അഞ്ചാം തവണയാണ് കുല്‍ഗാം തരിഗാമിക്കൊപ്പം നില്‍ക്കുന്നത്
1967ലായിരുന്നു തരിഗാമിയുടെ രാഷ്ട്രീയ പ്രവേശനം. കുല്‍ഗാം മേഖലയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായ അദ്ദേഹം നാല് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1996 മുതല്‍ മണ്ഡലം അദ്ദേഹത്തോടൊപ്പമാണ്. 1996, 2002, 2008, 2014 തുടങ്ങിയ വര്‍ഷങ്ങളിലാണ് അദ്ദേഹം ജനപ്രതിനിധിയായത്. സിപിഐഎമ്മിന്റെ കേന്ദ്ര കമ്മറ്റിയംഗം ആണ്. പ്രത്യേക അധികാരം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ ഗുപ്കാര്‍ മൂവ്മെന്റിന്റെ വക്താവ് കൂടിയാണ് അദ്ദേഹം. ഈ വര്‍ഷം തന്നെ കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.
ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയതായി അദ്ദേഹം ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കാനുള്ള നിഴല്‍ സഖ്യത്തിന്റെ രൂപീകരണമാണ് കശ്മീരില്‍ കണ്ടതെന്നും യൂസഫ് തരിഗാമി പറഞ്ഞു. തരിഗാമി വിജയിച്ചാല്‍ ബിജെപിക്കും അതുകൊണ്ടു തന്നെ വന്‍ തിരിച്ചടിയാണ്.