കോഴിക്കോട്ടെ KSRTC ബസ് അപകടം; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
കോഴിക്കോട് കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ റിപ്പോർട്ട് തേടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രിയുടെ നിർദേശിച്ചു. കെഎസ്ആർടിസി സിഎംഡിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
അപകടത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. പുല്ലൂരാം പാറയിൽ ആണം അപകടം ഉണ്ടായത്. പാലത്തിന്റെ കൈവരി തകർത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ബസ്സിൽ കുടുങ്ങി കിടന്നവരെ മുഴുവൻ പുറത്ത് എത്തിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താൻ ഉള്ള ശ്രമം തുടരുകയാണ്. ബസിൽ അമ്പതോളം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുറഹ്‌മാൻ പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് ആശുപത്രികളിലേക്കാണ് പരുക്കേറ്റവരെ മാറ്റിയിരിക്കുന്നത്. ഗുരുതര പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയർന്നിരുന്നു.